സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: കുഷ്ഠരോഗം മാറിയവന്റെ ശുദ്ധീകരണത്തിനുള്ള ചട്ടങ്ങൾ ഇവയാകുന്നു. അവനെ ശുദ്ധീകരണദിവസം പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവനെ പാളയത്തിനു പുറത്തുവച്ച് പരിശോധിക്കണം. അവൻ രോഗവിമുക്തനാണെന്നു കണ്ടാൽ അവനുവേണ്ടി ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുമരത്തിന്റെ ഒരു കഷണം, ചുവന്ന ചരട്, ഈസോപ്പുചെടിയുടെ ഒരു ചില്ല എന്നിവ കൊണ്ടുവരാൻ പുരോഹിതൻ നിർദ്ദേശിക്കണം. ഒരു മൺപാത്രത്തിൽ ഉറവജലം പകർന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാൻ പുരോഹിതൻ കല്പിക്കണം. ദേവദാരുക്കഷണം, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം ജീവനുള്ള പക്ഷിയെ ഉറവജലത്തിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ദേഹത്ത് ആ രക്തം ഏഴു പ്രാവശ്യം തളിച്ചശേഷം അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ സ്വതന്ത്രമായി വിടുകയും വേണം. അവൻ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തിൽ കുളിക്കുമ്പോൾ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം കൂടാരത്തിൽ പ്രവേശിച്ചുകൂടാ. ഏഴാം ദിവസം തലയും താടിയും പുരികവും ക്ഷൗരം ചെയ്തശേഷം വസ്ത്രം അലക്കി കുളിക്കണം. അപ്പോൾ അവൻ ശുദ്ധനായിത്തീരും. എട്ടാം ദിവസം അവൻ കുറ്റമറ്റ രണ്ട് ആണാട്ടിൻകുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിൻകുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേർത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. ശുദ്ധീകരണകർമം നടത്തുന്ന പുരോഹിതൻ അവനെ ഇവയോടുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ നിർത്തണം. പുരോഹിതൻ ആണാട്ടിൻകുട്ടികളിൽ ഒന്നിനെ നാഴി എണ്ണയോടുകൂടി പ്രായശ്ചിത്തയാഗമായി അർപ്പിക്കണം. സർവേശ്വരസന്നിധിയിൽ അവയെ നീരാജനം ചെയ്യണം. പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാൾ ആട്ടിൻകുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു. പ്രായശ്ചിത്തയാഗത്തിനായി കൊന്ന മൃഗത്തിന്റെ രക്തത്തിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടണം. പിന്നീട് പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ച് അതിൽ വലതുകൈവിരൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. കൈയിൽ ശേഷിച്ച എണ്ണയിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. കൈയിൽ ബാക്കിയായ എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ തലയിൽ ഒഴിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തകർമം നിർവ്വഹിക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതൻ പാപപരിഹാരയാഗം അർപ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം. അതും ധാന്യയാഗവും യാഗപീഠത്തിൽ അർപ്പിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൻ ശുദ്ധനായിത്തീരും.
LEVITICUS 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 14:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ