LEVITICUS 14
14
ത്വക്ക്‍രോഗത്തിനു ശേഷമുള്ള ശുദ്ധീകരണം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2കുഷ്ഠരോഗം മാറിയവന്റെ ശുദ്ധീകരണത്തിനുള്ള ചട്ടങ്ങൾ ഇവയാകുന്നു. അവനെ ശുദ്ധീകരണദിവസം പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 3പുരോഹിതൻ അവനെ പാളയത്തിനു പുറത്തുവച്ച് പരിശോധിക്കണം. 4അവൻ രോഗവിമുക്തനാണെന്നു കണ്ടാൽ അവനുവേണ്ടി ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുമരത്തിന്റെ ഒരു കഷണം, ചുവന്ന ചരട്, ഈസോപ്പുചെടിയുടെ ഒരു ചില്ല എന്നിവ കൊണ്ടുവരാൻ പുരോഹിതൻ നിർദ്ദേശിക്കണം. 5ഒരു മൺപാത്രത്തിൽ ഉറവജലം പകർന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാൻ പുരോഹിതൻ കല്പിക്കണം. 6ദേവദാരുക്കഷണം, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം ജീവനുള്ള പക്ഷിയെ ഉറവജലത്തിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം. 7ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ദേഹത്ത് ആ രക്തം ഏഴു പ്രാവശ്യം തളിച്ചശേഷം അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ സ്വതന്ത്രമായി വിടുകയും വേണം. 8അവൻ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തിൽ കുളിക്കുമ്പോൾ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം കൂടാരത്തിൽ പ്രവേശിച്ചുകൂടാ. 9ഏഴാം ദിവസം തലയും താടിയും പുരികവും ക്ഷൗരം ചെയ്തശേഷം വസ്ത്രം അലക്കി കുളിക്കണം. അപ്പോൾ അവൻ ശുദ്ധനായിത്തീരും. 10എട്ടാം ദിവസം അവൻ കുറ്റമറ്റ രണ്ട് ആണാട്ടിൻകുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിൻകുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേർത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. 11ശുദ്ധീകരണകർമം നടത്തുന്ന പുരോഹിതൻ അവനെ ഇവയോടുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ നിർത്തണം. 12പുരോഹിതൻ ആണാട്ടിൻകുട്ടികളിൽ ഒന്നിനെ നാഴി എണ്ണയോടുകൂടി പ്രായശ്ചിത്തയാഗമായി അർപ്പിക്കണം. സർവേശ്വരസന്നിധിയിൽ അവയെ നീരാജനം ചെയ്യണം. 13പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാൾ ആട്ടിൻകുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു. 14പ്രായശ്ചിത്തയാഗത്തിനായി കൊന്ന മൃഗത്തിന്റെ രക്തത്തിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടണം. 15-16പിന്നീട് പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ച് അതിൽ വലതുകൈവിരൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. 17കൈയിൽ ശേഷിച്ച എണ്ണയിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. 18കൈയിൽ ബാക്കിയായ എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ തലയിൽ ഒഴിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തകർമം നിർവ്വഹിക്കണം. 19ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതൻ പാപപരിഹാരയാഗം അർപ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം. 20അതും ധാന്യയാഗവും യാഗപീഠത്തിൽ അർപ്പിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൻ ശുദ്ധനായിത്തീരും. 21എന്നാൽ അവൻ അത്രയും അർപ്പിക്കാൻ വകയില്ലാത്ത ദരിദ്രനാണെങ്കിൽ പ്രായശ്ചിത്തയാഗത്തിനുള്ള നീരാജനത്തിന് ഒരു ആട്ടിൻകുട്ടിയെയും ധാന്യയാഗത്തിന് എണ്ണ ചേർത്ത ഒരു ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. 22കൂടാതെ അവന്റെ കഴിവനുസരിച്ചു രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ, രണ്ടു ചെങ്ങാലികളെയോ കൂടി കൊണ്ടുവരണം. അവയിൽ ഒന്ന് പാപപരിഹാരയാഗത്തിനും മറ്റേത് ഹോമയാഗത്തിനുമുള്ളതാണ്. 23ഇവയെല്ലാം തന്റെ ശുദ്ധീകരണത്തിനായി അവൻ എട്ടാം ദിവസം പുരോഹിതന്റെ അടുക്കൽ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ കൊണ്ടുവരണം. 24പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിൻകുട്ടിയെ എണ്ണയോടൊപ്പം സർവേശ്വരസന്നിധിയിൽ പുരോഹിതൻ നീരാജനം ചെയ്യണം. 25പ്രായശ്ചിത്തയാഗത്തിനുള്ള ആട്ടിൻകുട്ടിയെ കൊന്ന് പുരോഹിതൻ അതിന്റെ രക്തത്തിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടണം. 26-27പുരോഹിതൻ എണ്ണയിൽ കുറച്ച് ഇടത്തെ ഉള്ളംകൈയിൽ എടുത്തു വലതുകൈവിരൽ അതിൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. 28പുരോഹിതൻ ഇടതുകൈയിലെ എണ്ണയിൽ കുറെ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. 29ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യണം. 30-31പിന്നീട് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ കഴിവനുസരിച്ചു കൊണ്ടുവന്ന പ്രാവിൻകുഞ്ഞുങ്ങളെയോ ചെങ്ങാലികളെയോ ഒന്ന് പാപപരിഹാരയാഗമായും മറ്റൊന്ന് ഹോമയാഗമായും ധാന്യവഴിപാടിനോടൊപ്പം അർപ്പിക്കണം. അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതൻ പ്രായശ്ചിത്തം ചെയ്യണം. 32ഇതു ശുദ്ധീകരണത്തിനു നിശ്ചയിച്ചിരിക്കുന്ന വഴിപാടുകൾ അർപ്പിക്കാൻ കഴിവില്ലാത്ത കുഷ്ഠരോഗിക്കുള്ള ചട്ടങ്ങളാണ്.
ഭവനശുദ്ധീകരണം
33സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 34“ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കിയിരിക്കുന്ന കനാൻദേശത്ത് നിങ്ങൾ പ്രവേശിച്ചു വാസമുറപ്പിച്ച ശേഷം നിങ്ങളുടെ ഏതെങ്കിലും വീടിനു ഞാൻ പൂപ്പൽരോഗം വരുത്തിയാൽ, 35വീട്ടുടമസ്ഥൻ പുരോഹിതനെ സമീപിച്ച് തന്റെ വീടിന് എന്തോ രോഗബാധയുണ്ട് എന്നു പറയണം. 36വീട്ടിലുള്ളതെല്ലാം അശുദ്ധമായി പ്രഖ്യാപിക്കാതിരിക്കാൻ വീട് പരിശോധിക്കുന്നതിനുമുമ്പ് അവയെല്ലാം വീട്ടിൽനിന്നു മാറ്റാൻ പുരോഹിതൻ കല്പിക്കണം. അതിനുശേഷം വീട് പരിശോധിക്കാൻ പുരോഹിതൻ ചെല്ലണം. 37-38വീടു പരിശോധിക്കുമ്പോൾ ചുവരിൽ പച്ചയോ ചുവപ്പോ നിറത്തിൽ പൂപ്പൽ കാണുകയും അവ മറ്റു ഭാഗങ്ങളെക്കാൾ കുഴിഞ്ഞിരിക്കുകയും ചെയ്താൽ പുരോഹിതൻ വീട്ടിൽനിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം. 39ഏഴാം ദിവസം പുരോഹിതൻ വീണ്ടും പരിശോധിക്കുമ്പോൾ പൂപ്പൽ ചുവരിൽ വ്യാപിച്ചിരിക്കുന്നതു കണ്ടാൽ, 40അങ്ങനെയുള്ള കല്ലുകൾ ഇളക്കിയെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധസ്ഥലത്തേക്ക് എറിഞ്ഞുകളയാൻ കല്പിക്കണം. 41പിന്നീട് വീടിന്റെ അകം മുഴുവൻ ചുരണ്ടി ആ കുമ്മായം പട്ടണത്തിന്റെ പുറത്ത് അശുദ്ധവസ്തുക്കൾക്കുള്ള സ്ഥലത്ത് കളയണം. 42കല്ല് ഇളക്കിയ സ്ഥാനത്ത് പുതിയ കല്ലുകൾ കെട്ടി ചുവർ മുഴുവൻ വീണ്ടും കുമ്മായം പൂശണം. 43കല്ലുകൾ നീക്കുകയും ചുവർ ചുരണ്ടുകയും വീണ്ടും തേക്കുകയും ചെയ്തശേഷം പൂപ്പൽ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ, 44പുരോഹിതൻ ആ വീട് പരിശോധിക്കണം. വീട്ടിൽ പൂപ്പൽ വ്യാപിച്ചിരിക്കുന്നതു കണ്ടാൽ അതു മാറാത്ത പൂപ്പലാണ്. 45ആ വീട് അശുദ്ധമാണ്. അതു പൊളിച്ച് കല്ലും തടിയും കുമ്മായവും പട്ടണത്തിനു പുറത്ത് അശുദ്ധവസ്തുക്കൾക്കുള്ള സ്ഥലത്ത് ഉപേക്ഷിക്കണം. 46ആ വീട് അടച്ചിട്ടിരുന്ന കാലത്ത് ആരെങ്കിലും അതിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അയാൾ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. 47ആ വീട്ടിൽ കിടന്നവനും അവിടെവച്ച് ഭക്ഷണം കഴിച്ചവനും വസ്ത്രം അലക്കി ശുദ്ധിവരുത്തണം. 48എന്നാൽ വീടിന്റെ ചുവരുകൾ വീണ്ടും കുമ്മായം പൂശിയശേഷം പരിശോധിക്കുമ്പോൾ പൂപ്പൽ വ്യാപിച്ചിട്ടില്ല എന്നു കണ്ടാൽ ആ വീട് ശുദ്ധമാണെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് പൂപ്പലിൽനിന്നു വിമുക്തമായിരിക്കുന്നു. 49ആ വീടിന്റെ ശുദ്ധീകരണത്തിനായി ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം രണ്ടു പക്ഷികളെയും കൊണ്ടുവരണം. 50പക്ഷികളിൽ ഒന്നിനെ മൺപാത്രത്തിലെടുത്ത ഉറവുവെള്ളത്തിനുമീതെ വച്ചു കൊല്ലണം. 51ദേവദാരു, ചുവപ്പുചരട്, ഈസോപ്പുചില്ല, ജീവനുള്ള പക്ഷി ഇവയെ ഒഴുക്കുനീരിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കി വീടിന്മേൽ ഏഴു പ്രാവശ്യം തളിക്കണം. 52അങ്ങനെ അയാൾ പക്ഷിയുടെ രക്തം, ഉറവുജലം, ജീവനുള്ള പക്ഷി, ദേവദാരു, ഈസോപ്പുചില്ല, ചുവപ്പുചരട് എന്നിവകൊണ്ട് ആ വീടു ശുദ്ധീകരിക്കണം. 53പിന്നീട് ജീവനുള്ള പക്ഷിയെ പറപ്പിച്ചുവിടണം. ഇങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോൾ അതു ശുദ്ധമാകും.
54-56കുഷ്ഠത്തിന്റെ തിണർപ്പ്, ചിരങ്ങ്, നീര്, പാണ്ട്, വീക്കം, വസ്ത്രത്തിലെ കരിമ്പൻ, വീടിന്റെ പൂപ്പൽ തുടങ്ങിയ പലതരം അശുദ്ധികളെ സംബന്ധിച്ച ചട്ടങ്ങളാണിവ. 57ഇവ എപ്പോഴാണ് ശുദ്ധം, എപ്പോഴാണ് അശുദ്ധം എന്ന് ഈ ചട്ടങ്ങൾ നിർണയിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LEVITICUS 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.