യോശുവ 6:1-10

യോശുവ 6:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. ഏഴു പുരോഹിതന്മാർ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻകൊമ്പ് നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരേ കയറുകയും വേണം. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് നടക്കേണം എന്നു പറഞ്ഞു. ജനത്തോട് അവൻ: നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. യോശുവ ജനത്തോട്: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; ഒച്ച കേൾപ്പിക്കരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതിൽ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളിൽ കയറാനോ പുറത്തു പോകാനോ ആർക്കും സാധ്യമായിരുന്നില്ല. സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കൾ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം കൈയിൽ ഏന്തിയ ഏഴു പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. അവർ കാഹളം നീട്ടി ഊതുന്നതു കേൾക്കുമ്പോൾ ജനമെല്ലാം ഉച്ചത്തിൽ ആർപ്പിടണം. അപ്പോൾ പട്ടണമതിൽ തകർന്നുവീഴും; തുടർന്നു സൈന്യം പട്ടണത്തിൽ പ്രവേശിക്കണം.” നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിൻ; ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളങ്ങൾ കൈയിൽ ഏന്തി ഏഴു പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ നില്‌ക്കട്ടെ.” അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിൻ; നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികൾ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.”

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരീഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല. യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറു ദിവസം പട്ടണത്തെ ചുറ്റിനടക്കേണം; ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.” നൂന്‍റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്നു പറഞ്ഞു. ജനത്തോട് അവൻ: “നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം” എന്നു പറഞ്ഞു. യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്‍റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽ നിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്നു കല്പിച്ചു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. യഹോവ യോശുവയോടു കല്പിച്ചതു: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം. ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം. അവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു. ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു. ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു. യോശുവ ജനത്തോടു: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക

യോശുവ 6:1-10 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക. മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.” നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു. “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു. ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു.

പങ്ക് വെക്കു
യോശുവ 6 വായിക്കുക