യോശുവ 6:1-10

യോശുവ 6:1-10 MCV

എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക. മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം. അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.” നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു. “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു. യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു. ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു.