ഇസ്രായേൽജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതിൽ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളിൽ കയറാനോ പുറത്തു പോകാനോ ആർക്കും സാധ്യമായിരുന്നില്ല. സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കൾ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം കൈയിൽ ഏന്തിയ ഏഴു പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. അവർ കാഹളം നീട്ടി ഊതുന്നതു കേൾക്കുമ്പോൾ ജനമെല്ലാം ഉച്ചത്തിൽ ആർപ്പിടണം. അപ്പോൾ പട്ടണമതിൽ തകർന്നുവീഴും; തുടർന്നു സൈന്യം പട്ടണത്തിൽ പ്രവേശിക്കണം.” നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിൻ; ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളങ്ങൾ കൈയിൽ ഏന്തി ഏഴു പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ നില്‌ക്കട്ടെ.” അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിൻ; നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികൾ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.”
JOSUA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 6:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ