യോശുവ 22:21-27
യോശുവ 22:21-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: സർവവല്ലഭനാകുന്ന ദൈവമായ യഹോവ, സർവവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ- അങ്ങനെയെങ്കിൽ ഇന്നു തന്നെ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെപോകട്ടെ- യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവതന്നെ ചോദിച്ചുകൊള്ളട്ടെ. നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു, നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തത്? അതുകൊണ്ട് നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല. ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിനുമത്രേ.
യോശുവ 22:21-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേൽജനത്തിന്റെ നേതാക്കന്മാരോടു പറഞ്ഞു: “സർവശക്തനായ ദൈവമാണ് സർവേശ്വരൻ! അതേ, സർവശക്തനായ ദൈവമാണ് സർവേശ്വരൻ. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേൽജനവും അതറിയട്ടെ! ഞങ്ങൾ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കിൽ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ. സർവേശ്വരനെ അനുഗമിക്കുന്നതിൽനിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേൽ ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും ചെയ്തതെങ്കിൽ സർവേശ്വരൻതന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ. നിങ്ങളുടെ മക്കൾ ഭാവിയിൽ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനുമായി നിങ്ങൾക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങൾ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങൾ അങ്ങനെ പെരുമാറിയത്. രൂബേൻ, ഗാദ് ഗോത്രക്കാരായ ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ സർവേശ്വരൻ യോർദ്ദാൻനദിയെ അതിരാക്കി വച്ചിരിക്കുന്നു; സർവേശ്വരനുമായി നിങ്ങൾക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതിൽനിന്നു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങൾ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങൾ ഒരു യാഗപീഠം നിർമ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങൾക്കോ വേണ്ടിയുള്ളതല്ല; നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തിൽ അർപ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ പിൻതലമുറക്കാർക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാർ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങൾക്കു സർവേശ്വരനിൽ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്.”
യോശുവ 22:21-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: “സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ ഈ കാര്യം അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്‍റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ. യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ. “നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്ത് കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്നു പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്. അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാത്ത ഒരു യാഗപീഠം പണിയുക’ എന്നു ഞങ്ങൾ പറഞ്ഞു. ഞങ്ങൾ യഹോവയുടെ സമാഗമനകൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്‍റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല’ എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
യോശുവ 22:21-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു: സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ‒അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെ പോകട്ടെ‒ യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ. നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്കു എന്തു കാര്യമുള്ളു? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു? അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല. ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
യോശുവ 22:21-27 സമകാലിക മലയാളവിവർത്തനം (MCV)
അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു: “സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്! യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ. “അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്. “അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല. നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.