യോശുവ 22:21-27

യോശുവ 22:21-27 IRVMAL

അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്: “സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ ഈ കാര്യം അറിയുന്നു; യിസ്രായേലും അത് അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ അത് ചെയ്തു എങ്കിൽ നിന്‍റെ സംരക്ഷണം ഞങ്ങൾക്കില്ലാതെ പോകട്ടെ. യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നെ ചോദിച്ചുകൊള്ളട്ടെ. “നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോട്: ‘യിസ്രായേലിന്‍റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്ത് കാര്യമുള്ളൂ? ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല ‘എന്നു പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്. അതുകൊണ്ട് ‘നാം ഹോമയാഗത്തിനോ ഹനനയാഗത്തിനോ അല്ലാത്ത ഒരു യാഗപീഠം പണിയുക’ എന്നു ഞങ്ങൾ പറഞ്ഞു. ഞങ്ങൾ യഹോവയുടെ സമാഗമനകൂടാരത്തിൽ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവന്‍റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോട്: ‘നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല’ എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും, ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.