JOSUA 22

22
ഗോത്രക്കാരെ മടക്കി അയയ്‍ക്കുന്നു
1പിന്നീട് രൂബേൻ, ഗാദ്ഗോത്രക്കാരെയും മനശ്ശെയുടെ പകുതി ഗോത്രക്കാരെയും യോശുവ വിളിച്ചുകൂട്ടി പറഞ്ഞു: 2“സർവേശ്വരന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ അനുസരിച്ചു. ഞാൻ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം നിങ്ങൾ പാലിക്കുകയും ചെയ്തു. 3നിങ്ങൾ ഈ കാലമെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളുടെ സഹോദരന്മാരെ വിട്ടുപിരിയാതെ അവരുടെകൂടെ നടന്നു. 4നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇപ്പോൾ അവർക്ക് സ്വസ്ഥത നല്‌കിയിരിക്കുന്നു. അതുകൊണ്ട് അവിടുത്തെ ദാസനായ മോശ യോർദ്ദാനക്കരെ നിങ്ങൾക്ക് അവകാശമായി നല്‌കിയിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി പൊയ്‍ക്കൊള്ളുക. 5മോശ നിങ്ങൾക്കു നല്‌കിയ കല്പനകൾ പാലിക്കുന്നതിൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുക; അവിടുത്തെ ഇച്ഛാനുസരണം പ്രവർത്തിക്കുക; അവിടുത്തെ കല്പനകൾ അനുസരിക്കുക; അവിടുത്തോടു വിശ്വസ്തരായിരിക്കുക; പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി സർവേശ്വരനെ സേവിക്കുക.” 6ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ അവരുടെ വീടുകളിലേക്കു മടങ്ങി.
7മനശ്ശെയുടെ പകുതി ഗോത്രക്കാർക്കുള്ള അവകാശഭൂമി ബാശാനിൽ മോശ കൊടുത്തിരുന്നുവല്ലോ. എന്നാൽ മറ്റേ പകുതി ഗോത്രക്കാർക്കുള്ള അവകാശഭൂമി യോശുവ യോർദ്ദാനിക്കരെ അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയുടെ ഇടയിൽത്തന്നെയാണു കൊടുത്തത്. യോശുവ അവരെ അനുഗ്രഹിച്ച് അവരുടെ വീടുകളിലേക്ക് അയച്ചു. 8അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു: “നാല്‌ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വസ്ത്രങ്ങൾ തുടങ്ങി വളരെയധികം സമ്പത്തോടു കൂടി നിങ്ങൾ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയാണല്ലോ. ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത സാധനങ്ങൾ നിങ്ങളുടെ സഹോദരന്മാർക്കു കൂടി പങ്കിട്ടു കൊടുക്കണം.”
9രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവിൽ വിട്ടിട്ടാണ് അവർ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ അവർ ആ ദേശം കൈവശപ്പെടുത്തിയിരുന്നു.
യാഗപീഠം സ്ഥാപിക്കുന്നു
10രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രക്കാരും കനാനിലുള്ള യോർദ്ദാൻ പ്രദേശത്ത് എത്തിയപ്പോൾ അവർ ഒരു വലിയ യാഗപീഠം പണിതു. 11അവർ തങ്ങളുടെ അവകാശഭൂമിയിൽ കനാനിലെ യോർദ്ദാൻ പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയർത്തിയിരിക്കുന്നു എന്ന വാർത്ത 12ഇസ്രായേൽജനം കേട്ടപ്പോൾ ജനസമൂഹം മുഴുവൻ യോർദ്ദാനു കിഴക്കുള്ള ഗോത്രക്കാരോടു യുദ്ധം ചെയ്യാൻ ശീലോവിൽ ഒന്നിച്ചുകൂടി.
13ഇസ്രായേൽജനം പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനെ ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കൽ അയച്ചു. 14യോർദ്ദാന് ഇക്കരെയുള്ള പത്തു ഗോത്രങ്ങളുടെ പ്രതിനിധികളായി ഓരോ ഗോത്രത്തിൽനിന്നും ഒരാൾ വീതം പത്തു കുടുംബത്തലവന്മാരെ ഫീനെഹാസിന്റെ കൂടെ അയച്ചിരുന്നു. 15അവർ ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: 16“സർവേശ്വരന്റെ സർവജനസമൂഹവും ഇങ്ങനെ പറയുന്നു: ഇസ്രായേലിന്റെ ദൈവത്തിനെതിരായി നിങ്ങൾ എന്തൊരു വിശ്വാസവഞ്ചനയാണു കാട്ടിയിരിക്കുന്നത്? നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം നിർമ്മിച്ചതിനാൽ അവിടുത്തോടു നിങ്ങൾ മത്സരിച്ചിരിക്കുന്നു. നിങ്ങൾ സർവേശ്വരനെ വിട്ടകന്നിരിക്കുന്നു. 17പെയോരിൽ വച്ചു നാം ചെയ്ത പാപം പോരായോ? ഒരു മഹാമാരികൊണ്ട് അവിടുന്നു നമ്മെ ശിക്ഷിച്ചു; അന്നു ചെയ്ത പാപത്തിൽനിന്ന് ഇന്നും നാം മോചിതരായിട്ടില്ല. 18നിങ്ങൾ ഇപ്പോൾ സർവേശ്വരനെ വിട്ടകലാൻ പോകുകയാണോ? നിങ്ങൾ ഇന്ന് അവിടുത്തോടു മത്സരിക്കുന്നു എങ്കിൽ അവിടുന്ന് എല്ലാ ഇസ്രായേൽജനത്തോടും നാളെ കോപിക്കും. 19നിങ്ങളുടെ അവകാശഭൂമി സർവേശ്വരനെ ആരാധിക്കാൻ പറ്റിയതല്ല എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ അവിടുത്തെ തിരുസാന്നിധ്യകൂടാരം ഇരിക്കുന്ന ദേശത്തേക്കു വന്ന് ഞങ്ങളുടെ ഇടയിൽ ഭൂമി കൈവശപ്പെടുത്തുക. നമ്മുടെ ദൈവമായ സർവേശ്വരന്റെ യാഗപീഠത്തിനു പുറമേ നിങ്ങൾക്കുവേണ്ടി മറ്റൊരു യാഗപീഠം നിർമ്മിച്ച് അവിടുത്തോടു മത്സരിക്കരുത്. 20നശിപ്പിക്കുന്നതിനുവേണ്ടി വേർതിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സർവേശ്വരൻ നല്‌കിയിട്ടുള്ള കല്പനകൾ സേരഹിന്റെ പുത്രനായ ആഖാൻ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്റെ സർവസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്റെ പാപം നിമിത്തം നശിച്ചത് അവൻ മാത്രം ആയിരുന്നില്ലല്ലോ.”
21അപ്പോൾ രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതി ഗോത്രക്കാരും ഇസ്രായേൽജനത്തിന്റെ നേതാക്കന്മാരോടു പറഞ്ഞു: 22“സർവശക്തനായ ദൈവമാണ് സർവേശ്വരൻ! അതേ, സർവശക്തനായ ദൈവമാണ് സർവേശ്വരൻ. അവിടുന്ന് ഇത് അറിയുന്നു; ഇസ്രായേൽജനവും അതറിയട്ടെ! ഞങ്ങൾ അവിടുത്തോടു മത്സരിക്കുകയോ, അവിശ്വസ്തരായി പെരുമാറുകയോ ചെയ്തുകൊണ്ടാണ് യാഗപീഠം പണിതതെങ്കിൽ അവിടുന്നു ഞങ്ങളെ ശിക്ഷിക്കട്ടെ. 23സർവേശ്വരനെ അനുഗമിക്കുന്നതിൽനിന്ന് പിന്തിരിയുന്നതിനുവേണ്ടിയാണ് ഈ യാഗപീഠം പണിയുകയും അതിന്മേൽ ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും ചെയ്തതെങ്കിൽ സർവേശ്വരൻതന്നെ ഞങ്ങളെ ശിക്ഷിക്കട്ടെ. 24നിങ്ങളുടെ മക്കൾ ഭാവിയിൽ ഞങ്ങളുടെ മക്കളോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനുമായി നിങ്ങൾക്ക് എന്തു ബന്ധം എന്നു ചോദിക്കും എന്നു ഞങ്ങൾ ഭയപ്പെട്ടു. ഈ കാരണത്താലാണ് ഞങ്ങൾ അങ്ങനെ പെരുമാറിയത്. 25രൂബേൻ, ഗാദ് ഗോത്രക്കാരായ ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ സർവേശ്വരൻ യോർദ്ദാൻനദിയെ അതിരാക്കി വച്ചിരിക്കുന്നു; സർവേശ്വരനുമായി നിങ്ങൾക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതിൽനിന്നു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങൾ ഭയപ്പെട്ടു. 26അതുകൊണ്ടാണ് ഞങ്ങൾ ഒരു യാഗപീഠം നിർമ്മിച്ചത്. അത് ഹോമയാഗത്തിനോ മറ്റു യാഗങ്ങൾക്കോ വേണ്ടിയുള്ളതല്ല; 27നേരേമറിച്ച് ഞങ്ങളുടെ ഹോമയാഗങ്ങളും വഴിപാടുകളും സമാധാനയാഗങ്ങളും വിശുദ്ധ കൂടാരത്തിൽ അർപ്പിച്ച് അവിടുത്തെ ആരാധിക്കുന്നതിനും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ പിൻതലമുറക്കാർക്കും മധ്യേ ഒരു സാക്ഷ്യമായിരിക്കുന്നതിനും നിങ്ങളുടെ ഭാവിതലമുറക്കാർ ഞങ്ങളുടെ ഭാവിതലമുറക്കാരോട് നിങ്ങൾക്കു സർവേശ്വരനിൽ ഒരു പങ്കുമില്ല എന്നു പറയാതിരിക്കേണ്ടതിനും വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്.” 28“ഞങ്ങളോടോ ഞങ്ങളുടെ പിൻതലമുറക്കാരോടോ അവർ ഇപ്രകാരം പിൽക്കാലത്തു ചോദിച്ചാൽ, യാഗാർപ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ സാക്ഷ്യത്തിനായി സർവേശ്വരന്റെ യാഗപീഠത്തിന്റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാർ നിർമ്മിച്ചതാണിതെന്നു ഞങ്ങൾ പറയും. 29നമ്മുടെ ദൈവമായ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിലുള്ള യാഗപീഠമല്ലാതെ ഹോമയാഗത്തിനോ, ധാന്യയാഗത്തിനോ മറ്റു യാഗങ്ങൾക്കോ വേറൊരു യാഗപീഠമുണ്ടാക്കി സർവേശ്വരനോടു മത്സരിക്കുകയും അവിടുത്തെ വഴികളിൽനിന്നു വ്യതിചലിക്കുകയും ചെയ്യാൻ ഞങ്ങൾക്ക് ഇടയാകാതിരിക്കട്ടെ.”
30രൂബേൻ, ഗാദ്, മനശ്ശെ ഗോത്രക്കാർ പറഞ്ഞതു കേട്ടപ്പോൾ പുരോഹിതനായ ഫീനെഹാസിനും അദ്ദേഹത്തോടൊത്തുണ്ടായിരുന്ന ജനനേതാക്കൾക്കും ഗോത്രത്തലവന്മാർക്കും തൃപ്തിയായി. 31പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് അവരോടു പറഞ്ഞു: “സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങൾ അറിയുന്നു. കാരണം നിങ്ങൾ അവിടുത്തേക്കെതിരായി അകൃത്യം ചെയ്തില്ല; നിങ്ങൾ ഇസ്രായേൽജനത്തെ സർവേശ്വരന്റെ കോപത്തിൽനിന്നു വിടുവിച്ചിരിക്കുന്നു. 32എലെയാസാരിന്റെ മകൻ ഫീനെഹാസും ജനനേതാക്കളും ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെ അടുക്കൽനിന്ന് കനാൻദേശത്തു തിരിച്ചുവന്ന് ഇസ്രായേൽജനത്തെ വിവരം അറിയിച്ചു. 33അതു കേട്ടപ്പോൾ ഇസ്രായേൽജനത്തിനും സന്തോഷമായി. അവർ ദൈവത്തെ സ്തുതിച്ചു. രൂബേൻ, ഗാദ്ഗോത്രക്കാരുടെ ദേശം യുദ്ധം ചെയ്ത് പിടിച്ചടക്കുന്നതിനെക്കുറിച്ച് പിന്നീടവർ സംസാരിച്ചില്ല. 34രൂബേൻ, ഗാദ്ഗോത്രക്കാർ “സർവേശ്വരനാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയിൽ ഒരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് #22:34 ഏദ് = സാക്ഷ്യംഏദ് എന്നു പേരിട്ടു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOSUA 22: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക