ഇയ്യോബ് 38:4-18
ഇയ്യോബ് 38:4-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; ഞാൻ അതിന് അതിർ നിയമിച്ചു കതകും ഓടാമ്പലും വച്ചു. ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗർവം നിലയ്ക്കും എന്നു കല്പിച്ചു. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു. ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക
ഇയ്യോബ് 38:4-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ ആയിരുന്നു? അറിയാമെങ്കിൽ പറയുക. അതിന്റെ അളവു നിർണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്റെ മീതെ അളവുനൂൽ പിടിച്ചത് ആര്? പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്നു പാടുകയും മാലാഖമാർ ആനന്ദിച്ച് ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു? ഗർഭത്തിൽനിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്? അന്നു ഞാൻ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി. ഞാൻ സമുദ്രത്തിന് അതിർത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു. പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്റെ ഗർവിഷ്ഠമായ തിരമാലകൾ നില്‌ക്കട്ടെ എന്നു ഞാൻ സമുദ്രത്തോടു കല്പിച്ചു. ഭൂമിയുടെ അതിർത്തികളെ പിടിച്ചടക്കാനും ദുർജനത്തെ കുടഞ്ഞുകളയാനും നീ ആയുസ്സിൽ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ? അരുണോദയത്തിന് നീ സ്ഥാനം നിർദ്ദേശിച്ചിട്ടുണ്ടോ? മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു. വർണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു. ദുഷ്ടന്മാർക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു. അവർ ഉയർത്തിയ കരങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്റെ ഉറവിടത്തിൽ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്റെ വാതിലുകൾ നിനക്കു ദൃശ്യമായിട്ടുണ്ടോ? ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയൊക്കെ നിനക്ക് അറിയാമെങ്കിൽ പറയുക.
ഇയ്യോബ് 38:4-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍? അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്‍? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ? “ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആര്‍? അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; ഞാൻ അതിന് അതിര്‍ നിയമിച്ചു കതകും ഓടാമ്പലും വച്ചു. ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. “ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും നിന്‍റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ? അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്‍ക്കുന്നു. ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. “നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക.
ഇയ്യോബ് 38:4-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു. ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക.
ഇയ്യോബ് 38:4-18 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പറയുക. അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം! അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്? ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്? അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്? “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്? ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ, ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്; കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ, ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല; അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’ ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ? അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ? മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു; ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു. ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു, അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു. “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ? ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ? മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക.