ഇയ്യോ. 38
38
യഹോവ ഇയ്യോബിനോട് ഉത്തരം പറയുന്നു
1പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്:
2“അറിവില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുളാക്കുന്ന ഇവനാര്?
3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക;
ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക.
4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.
5അതിന്റെ അളവ് നിയമിച്ചവൻ ആര്? നീ അറിയുന്നുവോ?
അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്?
6അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്?
7പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ?
8“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടച്ചവൻ ആര്?
9അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും
കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി;
10ഞാൻ അതിന് അതിര് നിയമിച്ചു
കതകും ഓടാമ്പലും വച്ചു.
11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു.
12“ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും
ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും
13നിന്റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും
അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ?
14അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു;
വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്ക്കുന്നു.
15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു;
ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
16“നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക.
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20നിനക്കു അവയെ അവയുടെ അതിര് വരെ കൊണ്ടുപോകാമോ?
അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
21നീ അന്നേ ജനിച്ചിരുന്നുവല്ലോ;
നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ;
നീ അത് അറിയാതിരിക്കുമോ?
22“നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?
കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23ഞാൻ അവയെ കഷ്ടകാലത്തേക്കും
പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു.
24വെളിച്ചം പിരിയുന്നതും
കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?
25“മഴയ്ക്ക് ഒരു ചാലും
ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്?
26നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും
മഴ പെയ്യിക്കുന്നതാര്?
27തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും
ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും മഴ പെയ്യിക്കുന്നതാര്?
28“മഴയ്ക്ക് അപ്പനുണ്ടോ?
അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു?
ആകാശത്തിലെ മഞ്ഞ് ആര് പ്രസവിക്കുന്നു?
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു.
ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?
മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ?
അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ?
34“ജലപ്രവാഹം നിന്നെ മൂടേണ്ടതിനു
നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
35“അടിയങ്ങൾ വിടകൊള്ളുന്നു” എന്നു നിന്നോട് പറഞ്ഞു
പുറപ്പെടുവാൻ തക്കവിധം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
36അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്?
മനസ്സിന് വിവേകം കൊടുത്തവൻ ആര്?
37ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ
കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്?
ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്?
39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
40നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ?
ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ
അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 38: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.