യോഹന്നാൻ 18:1-17
യോഹന്നാൻ 18:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന് അക്കരയ്ക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ട്; അവനെ കാണിച്ചുകൊടുത്ത യൂദായും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടിക്കൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞു പുറത്തു ചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്ന് അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്ന് അവർ ഉത്തരം പറഞ്ഞപ്പോൾ: അത് ഞാൻതന്നെ എന്ന് യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദായും അവരോടുകൂടെ നിന്നിരുന്നു. ഞാൻതന്നെ എന്ന് അവരോടു പറഞ്ഞപ്പോൾ അവർപിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്ന് അവൻ പിന്നെയും അവരോടു ചോദിച്ചതിന് അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. ഞാൻതന്നെ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തിവന്നു. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറുത്തുകളഞ്ഞു; ആ ദാസനു മല്ക്കൊസ് എന്നു പേർ. യേശു പത്രൊസിനോട്: വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻതന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുളളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തുവന്നു വാതിൽക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽകാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവൻ പറഞ്ഞു.
യോഹന്നാൻ 18:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇപ്രകാരം പ്രാർഥിച്ചശേഷം യേശു ശിഷ്യന്മാരോടുകൂടി കെദ്രോൻതോടിന്റെ മറുകരയിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന തോട്ടത്തിൽ താനും ശിഷ്യന്മാരും പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും അവിടെ കൂടുക പതിവായിരുന്നു. അതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു. ഒരു സംഘം പട്ടാളത്തെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ദേവാലയഭടന്മാരെയും കൂട്ടിക്കൊണ്ട്, വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി യൂദാസ് അവിടെയെത്തി. തനിക്കു സംഭവിക്കാൻ പോകുന്നത് എല്ലാം അറിഞ്ഞുകൊണ്ട് യേശു മുമ്പോട്ടു ചെന്ന് അവരോടു ചോദിച്ചു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു അവരോട് “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് അവരോടുകൂടി ഉണ്ടായിരുന്നു. “അതു ഞാനാണ്” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലംപതിച്ചു. അവിടുന്ന് വീണ്ടും അവരോടു ചോദിച്ചു. “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസ്രായനായ യേശുവിനെ” എന്ന് അവർ പറഞ്ഞു. “അതു ഞാൻ തന്നെയാണെന്നു നിങ്ങളോടു പറഞ്ഞല്ലോ; എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല” എന്ന് യേശു പറഞ്ഞ വാക്ക് ഇങ്ങനെ സത്യമായി. ശിമോൻ പത്രോസ് തന്റെ കൈയിലുണ്ടായിരുന്ന വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അയാളുടെ വലത്തുകാത് ഛേദിച്ചുകളഞ്ഞു. മല്‌ക്കോസ് എന്നായിരുന്നു ആ ഭൃത്യന്റെ പേര്. യേശു പത്രോസിനോട്: “വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു നല്‌കിയിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു. അപ്പോൾ പട്ടാളവും സഹസ്രാധിപനും ദേവാലയഭടന്മാരും യേശുവിനെ പിടിച്ചു ബന്ധിച്ചു. അവിടുത്തെ ആദ്യം ഹന്നാസിന്റെ അടുക്കലേക്ക് അവർ കൊണ്ടുപോയി. ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാസിന്റെ ഭാര്യാപിതാവായിരുന്നു ഹന്നാസ്. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നത് യുക്തം എന്ന് യെഹൂദന്മാർക്ക് ഉപദേശം നല്‌കിയത് കയ്യഫാസ് ആയിരുന്നു. ശിമോൻപത്രോസ് മറ്റൊരു ശിഷ്യനോടൊപ്പം യേശുവിനെ പിന്തുടർന്നു. ആ ശിഷ്യൻ മഹാപുരോഹിതനു പരിചിതനായിരുന്നതിനാൽ യേശുവിനോടുകൂടി നടുമുറ്റത്തു പ്രവേശിച്ചു. പത്രോസ് പടിവാതിലിനു വെളിയിൽ നില്‌ക്കുകയായിരുന്നു. മഹാപുരോഹിതനു പരിചിതനായിരുന്ന ശിഷ്യൻ വാതിൽക്കാവല്‌ക്കാരിയോടു പറഞ്ഞ് പത്രോസിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോൾ കാവല്‌ക്കാരിയായ ആ പെൺകുട്ടി പത്രോസിനോടു ചോദിച്ചു: “താങ്കളും ആ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” “അല്ല” എന്നു പത്രോസ് പറഞ്ഞു.
യോഹന്നാൻ 18:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതു പറഞ്ഞിട്ട് യേശു തന്‍റെ ശിഷ്യന്മാരുമായി കിദ്രോൻ താഴ്വരയുടെ അക്കരയ്ക്ക് പോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു; അതിൽ അവനും അവന്‍റെ ശിഷ്യന്മാരും കടന്നു. യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ട് അവനെ ഒറ്റിക്കൊടുക്കാനുള്ളവനായ യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പടയാളികളെയും മുഖ്യപുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും വന്ന ചേവകരെയും കൂട്ടിക്കൊണ്ട് വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്നു: നിങ്ങൾ ആരെ തിരയുന്നു? എന്നു അവരോട് ചോദിച്ചു. “നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചു കൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. “ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു? എന്നു അവൻ പിന്നെയും അവരോട് ചോദിച്ചു. അതിന് അവർ വീണ്ടും: “നസറായനായ യേശുവിനെ” എന്നു പറഞ്ഞു. “അവൻ ഞാൻ ആകുന്നു” എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. ‘നീ എനിക്ക് തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല’ എന്നു അവൻ പറഞ്ഞവാക്ക് നിവൃത്തിയാകുവാൻ വേണ്ടിയായിരുന്നു ഇത്. അപ്പോൾ ശിമോൻ പത്രൊസ് തനിക്കുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്‍റെ വലതുകാത് അറുത്തുകളഞ്ഞു; ആ ദാസന് മല്ക്കൊസ് എന്നു പേർ. യേശു പത്രൊസിനോട്: വാൾ തിരികെ ഉറയിൽ ഇടുക; പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ? എന്നു ചോദിച്ചു. പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി അവർ അവനെ ആദ്യം ഹന്നാവിൻ്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിൻ്റെ അമ്മാവിയപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്‍റെ നടുമുറ്റത്ത് കടന്നു. എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തു വന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്ത് കയറ്റി. അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: “നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ?“ എന്നു ചോദിച്ചു; “അല്ല“ എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 18:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ. യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 18:1-17 സമകാലിക മലയാളവിവർത്തനം (MCV)
പ്രാർഥനയ്ക്കുശേഷം യേശു അവിടംവിട്ടു ശിഷ്യന്മാരുമായി കെദ്രോൻ താഴ്വരയുടെ മറുവശത്തേക്കുപോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരുമൊത്ത് അതിൽ പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു. യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു. തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു. “ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,” എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു. അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു. “നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു. അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്. ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു.