പ്രാർഥനയ്ക്കുശേഷം യേശു അവിടംവിട്ടു ശിഷ്യന്മാരുമായി കെദ്രോൻ താഴ്വരയുടെ മറുവശത്തേക്കുപോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരുമൊത്ത് അതിൽ പ്രവേശിച്ചു. യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു. യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു. തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു. “ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു. “അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,” എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു. അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു. “നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു. അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്. ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു.
യോഹന്നാൻ 18 വായിക്കുക
കേൾക്കുക യോഹന്നാൻ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 18:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ