ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു. അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു. ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ. യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 18 വായിക്കുക
കേൾക്കുക യോഹന്നാൻ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 18:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ