യോഹന്നാൻ 12:36-50
യോഹന്നാൻ 12:36-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്. എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.
യോഹന്നാൻ 12:36-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ പ്രകാശത്തിന്റെ മക്കൾ ആകേണ്ടതിന് പ്രകാശമുള്ള ഈ സമയത്ത് അതിൽ വിശ്വസിക്കുക.” അനന്തരം യേശു അവിടം വിട്ടുപോയി അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ രഹസ്യമായി പാർത്തു. അവരുടെ കൺമുമ്പിൽ ഇത്ര വളരെ അടയാളപ്രവൃത്തികൾ ചെയ്തിട്ടും അവർ തന്നിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? കർത്താവിന്റെ ഭുജബലം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകൻ പറഞ്ഞത് ഇങ്ങനെ പൂർത്തിയായി. അവർക്കു വിശ്വസിക്കുവാൻ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്: “ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നിൽനിന്നു സുഖം പ്രാപിക്കുവാൻ എന്റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാൻതന്നെ” എന്ന് ദൈവം അരുൾചെയ്യുന്നു യെശയ്യാ യേശുവിന്റെ മഹത്ത്വം ദർശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്. എന്നിരുന്നാലും പല അധികാരികൾപോലും യേശുവിൽ വിശ്വസിച്ചു. എന്നാൽ സുനഗോഗിൽനിന്ന് പരീശന്മാർ തങ്ങളെ ബഹിഷ്കരിക്കുമെന്നു ഭയന്ന് അവർ പരസ്യമായി അത് ഏറ്റുപറഞ്ഞില്ല. ദൈവത്തിൽനിന്നു ലഭിക്കുന്ന പ്രശംസയെക്കാൾ അധികം മനുഷ്യരുടെ പ്രശംസയാണ് അവർ ഇഷ്ടപ്പെട്ടത്. യേശു ഉച്ചത്തിൽ പ്രഖ്യാപനം ചെയ്തു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ വിശ്വസിക്കുന്നു. എന്നെ ദർശിക്കുന്നവൻ എന്നെ അയച്ചവനെ ദർശിക്കുന്നു. എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു. ആരെങ്കിലും എന്റെ വാക്കുകൾ കേട്ട് അനുസരിക്കാതിരുന്നാൽ ഞാൻ അവനെ വിധിക്കുകയില്ല; എന്തെന്നാൽ ഞാൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ. എന്നെ അനാദരിക്കുകയും എന്റെ വാക്കുകൾ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളിൽ അവനെ വിധിക്കും. ഞാൻ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു. അവിടുത്തെ കല്പന അനശ്വരജീവൻതന്നെ എന്നു ഞാൻ അറിയുന്നു. ഞാൻ എന്തു പറയുന്നുവോ അത് എന്റെ പിതാവ് എന്നോട് അരുളിച്ചെയ്തപ്രകാരമാണ് ഞാൻ പറയുന്നത്.”
യോഹന്നാൻ 12:36-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ വെളിച്ചത്തിൻ്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. ഇതു സംസാരിച്ചിട്ട് യേശു അവരെ വിട്ടു മാറിപ്പോയി. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വീണ്ടും പറയുന്നത്: “അവർ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” യെശയ്യാവു യേശുവിന്‍റെ തേജസ്സ് കണ്ടു അവനെക്കുറിച്ച് സംസാരിച്ചത് കൊണ്ടാകുന്നു ഇതു പറഞ്ഞത്. എന്നിട്ടും അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു; എന്നാൽ പള്ളിയിൽനിന്ന് പുറത്താക്കപ്പെടാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. യേശു ഉറക്കെ വിളിച്ചുപറഞ്ഞത്:എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്. എന്‍റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനങ്ങൾ തന്നെ അവസാന നാളിൽ അവനെ ന്യായംവിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നെ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ അവരോട് സംസാരിക്കുന്നു.
യോഹന്നാൻ 12:36-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. യേശു വിളിച്ചുപറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
യോഹന്നാൻ 12:36-50 സമകാലിക മലയാളവിവർത്തനം (MCV)
പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി. യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല; “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി. അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു: “കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.” യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്. അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല. കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു. യേശു വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നയാൾ എന്നിൽമാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു. എന്നെ കാണുന്നയാൾ എന്നെ അയച്ച പിതാവിനെയും കാണുന്നു. എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു. “എന്റെ വചനം കേട്ടിട്ടും അത് അനുസരിക്കാത്തയാളെ ഞാനല്ല ന്യായം വിധിക്കുന്നത്; ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ് ഞാൻ വന്നത്. എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും. ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു. അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.”