യോഹന്നാൻ 12:20-33
യോഹന്നാൻ 12:20-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെരുന്നാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാൺമാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസുംകൂടെ ചെന്നു യേശുവിനോട് പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും. ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽനിന്നു; ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി. അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു. അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്ന് ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
യോഹന്നാൻ 12:20-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്സവത്തിന് ആരാധിക്കുവാൻ വന്നവരുടെ കൂട്ടത്തിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. അവർ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവർ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാൻ ഉറപ്പിച്ചുപറയുന്നു: കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാൽ അത് അഴിയുന്നെങ്കിൽ സമൃദ്ധമായ വിളവു നല്‌കുന്നു. തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും. “ഇപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാൽ ഈ പ്രതിസന്ധിയിൽക്കൂടി കടക്കുന്നതിനാണല്ലോ ഞാൻ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി. അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലർ “ഒരു ദൈവദൂതൻ” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയത്രേ. ഈ ലോകത്തിന്റെ ന്യായവിധി ഇപ്പോൾത്തന്നെയാകുന്നു. ലോകത്തിൻറ അധിപതി ഇപ്പോൾ പുറത്തു തള്ളപ്പെടും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാവരെയും എന്നിലേക്ക് ആകർഷിക്കും. തനിക്കു സംഭവിക്കുവാൻ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.
യോഹന്നാൻ 12:20-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോട്: “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട്“ എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും. ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി. അത് കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: “ഇടി ഉണ്ടായി“ എന്നു പറഞ്ഞു; മറ്റുചിലർ: “ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു“ എന്നു പറഞ്ഞു. അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
യോഹന്നാൻ 12:20-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു. ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും. ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി. അതു കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു. ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
യോഹന്നാൻ 12:20-33 സമകാലിക മലയാളവിവർത്തനം (MCV)
പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു. അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും. “ഇപ്പോൾ എന്റെ ഹൃദയം കലങ്ങിയിരിക്കുന്നു; ഞാൻ എന്താണു പറയേണ്ടത്? ‘പിതാവേ, ഈ മണിക്കൂറുകളിൽനിന്ന് എന്നെ രക്ഷിച്ചാലും’ എന്നോ? അല്ല, ഇതിനുവേണ്ടിത്തന്നെയാണല്ലോ ഞാൻ ഈ മണിക്കൂറിൽ എത്തിയിരിക്കുന്നത്. പിതാവേ, അവിടത്തെ നാമം മഹത്ത്വപ്പെടുത്തണമേ!” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും” എന്നൊരു അശരീരിയുണ്ടായി. അവിടെ ഉണ്ടായിരുന്ന ജനസമൂഹത്തിൽ ചിലർ ആ ശബ്ദം കേട്ടിട്ട് “ഒരു ഇടിമുഴക്കമുണ്ടായി,” എന്നും മറ്റുചിലർ “ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചു,” എന്നും പറഞ്ഞു. എന്നാൽ, യേശു പറഞ്ഞു: “ഈ ശബ്ദമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. ഇപ്പോൾ ഈ ലോകത്തിന്മേൽ ന്യായവിധിനടത്താനുള്ള സമയമായിരിക്കുന്നു; ഈ ലോകത്തിന്റെ അധിപതി നിഷ്കാസിതനാകും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.” തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്.