യോഹന്നാൻ 12:1-7

യോഹന്നാൻ 12:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു. അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്; ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു. ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

യോഹന്നാൻ 12:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പെസഹായ്‍ക്ക് ആറു ദിവസം മുമ്പ് യേശു ബേഥാന്യയിലെത്തി. അവിടെവച്ചായിരുന്നല്ലോ അവിടുന്ന് ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചത്. അവിടെ തനിക്ക് ഒരു വിരുന്നൊരുക്കി; മാർത്ത അതിഥികളെ പരിചരിച്ചു. യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരിൽ ലാസറുമുണ്ടായിരുന്നു. വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീൻ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവൻ തൈലത്തിന്റെ സൗരഭ്യംകൊണ്ടു നിറഞ്ഞു. എന്നാൽ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനും, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവനുമായ യൂദാസ് ഈസ്കര്യോത്ത്, “ഈ പരിമളതൈലം മുന്നൂറു ദിനാറിനു വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു ചോദിച്ചു. ദരിദ്രരെക്കുറിച്ചുള്ള കരുതൽ കൊണ്ടല്ല അയാൾ ഇങ്ങനെ പറഞ്ഞത്; പിന്നെയോ, കള്ളനായതുകൊണ്ടത്രേ. പണസഞ്ചി അയാളുടെ കൈയിലായിരുന്നതിനാൽ അതിലിടുന്ന പണം അയാൾ എടുത്തുവന്നിരുന്നു. യേശു പറഞ്ഞു: “അവളെ ശല്യപ്പെടുത്താതിരിക്കൂ; എന്റെ ശവസംസ്കാരത്തിനുവേണ്ടി അവൾ അതു സൂക്ഷിച്ചിരുന്നതായി കരുതുക.

യോഹന്നാൻ 12:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറു ദിവസം മുമ്പെ യേശു വന്നു. അവിടെ അവർ അവനു ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്‍റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു. എന്നാൽ അവന്‍റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്: “ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത്?“ എന്നു പറഞ്ഞു. ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്‍റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്. യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്‍റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

യോഹന്നാൻ 12:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു. അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു. എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു: ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു. ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

യോഹന്നാൻ 12:1-7 സമകാലിക മലയാളവിവർത്തനം (MCV)

പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്. അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്, “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു. ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു. അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി.