യോഹന്നാൻ 11:45-57

യോഹന്നാൻ 11:45-57 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവുതന്നെ, അവരോട്: നിങ്ങൾ ഒന്നും അറിയുന്നില്ല. ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ, ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിനുംതന്നെ. അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹയ്ക്കു മുമ്പേ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവൻ പെരുന്നാൾക്കു വരികയില്ലയോ എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.

യോഹന്നാൻ 11:45-57 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മാർത്തയെയും മറിയമിനെയും സന്ദർശിക്കുവാൻ വന്ന യെഹൂദന്മാരിൽ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നിൽ വിശ്വസിച്ചു. എന്നാൽ അവരിൽ ചിലർ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു. പുരോഹിതമുഖ്യന്മാരും പരീശന്മാരും സന്നദ്രിംസമിതി വിളിച്ചുകൂട്ടി: “നാം എന്താണു ചെയ്യുക! ഈ മനുഷ്യൻ ഒട്ടുവളരെ അടയാളപ്രവൃത്തികൾ ചെയ്യുന്നുവല്ലോ. ഇങ്ങനെ മുന്നോട്ടു പോകാൻ അനുവദിച്ചാൽ എല്ലാവരും ഇയാളിൽ വിശ്വസിക്കും; റോമൻ അധികാരികൾ വന്ന് നമ്മുടെ നാടിനെയും ജനതയെയും നശിപ്പിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവരിൽ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അദ്ദേഹം അവരോട് “നിങ്ങൾക്ക് ഒന്നുംതന്നെ അറിഞ്ഞുകൂടാ; ഒരു ജനത മുഴുവൻ നശിക്കാതിരിക്കുന്നതിന് അവർക്കു പകരം ഒരുവൻ മരിക്കുന്നത് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ?” എന്നു ചോദിച്ചു. ഇത് അദ്ദേഹം സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, യെഹൂദ ജനതയ്‍ക്കുവേണ്ടി മാത്രമല്ല, ചിന്നിച്ചിതറപ്പെട്ട ദൈവമക്കളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിച്ചേർക്കുന്നതിനുവേണ്ടി യേശു മരിക്കണമെന്നുള്ളത്, ആ വർഷത്തെ മഹാപുരോഹിതൻ എന്ന നിലയ്‍ക്ക്, അദ്ദേഹം ഒരു പ്രവാചകനായി പറയുകയാണു ചെയ്തത്. അന്നുമുതൽ യേശുവിനെ വധിക്കുന്നതിനെപ്പറ്റി അവർ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നീട് യേശു പരസ്യമായി യെഹൂദന്മാരുടെ ഇടയിൽ സഞ്ചരിക്കാതെ വിജനപ്രദേശത്തിനടുത്തുള്ള എഫ്രയീം എന്ന പട്ടണത്തിലേക്കു പോയി ശിഷ്യന്മാരോടുകൂടി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനുമുമ്പ് തങ്ങളുടെ ശുദ്ധീകരണകർമം നടത്തുന്നതിനുവേണ്ടി നാട്ടിൻപുറങ്ങളിൽനിന്നു ധാരാളം ആളുകൾ പെസഹായ്‍ക്കു മുമ്പുതന്നെ യെരൂശലേമിലെത്തി. അവർ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? അയാൾ പെരുന്നാളിനു വരികയില്ലേ?” എന്ന് ദേവാലയത്തിൽവച്ച് അവർ അന്യോന്യം ചോദിച്ചു. യേശു എവിടെയെങ്കിലും ഉള്ളതായി ആരെങ്കിലും അറിഞ്ഞാൽ അവിടുത്തെ പിടിക്കുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്ന് പുരോഹിതമുഖ്യന്മാരും പരീശന്മാരും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

യോഹന്നാൻ 11:45-57 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു. മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: “നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും“ എന്നു പറഞ്ഞു. അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നെ, അവരോട്: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ; ജനതകൾ മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല“ എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കേണം എന്നു പ്രവചിച്ചതത്രേ. രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നെ. അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: “എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ?“ എന്നു തമ്മിൽ പറഞ്ഞു. എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.

യോഹന്നാൻ 11:45-57 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ. അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

യോഹന്നാൻ 11:45-57 സമകാലിക മലയാളവിവർത്തനം (MCV)

മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു. അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി. “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ! ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.” അവിടെ കൂടിയിരുന്നവരിൽ ഒരാളും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണ് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.” ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആ വർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു. ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ചു ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്. അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു. യെഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ പരസ്പരം ചോദിച്ചു, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?” യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു.