യോഹന്നാൻ 11
11
1മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു. 2ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്. 3ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു. 4യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. 5യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. 6എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. 7അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. 8ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. 9അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. 10രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു. 11ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. 12ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞു. 13യേശുവോ അവന്റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. 14അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; 15ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. 16ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്നുപറഞ്ഞു.
17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു. 18ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. 19മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. 20യേശു വരുന്നു എന്ന് കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. 21മാർത്ത യേശുവിനോട്: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. 22ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന് ഞാൻ അറിയുന്നു എന്നു പറഞ്ഞു. 23യേശു അവളോട്: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. 24മാർത്ത അവനോട്: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 25യേശു അവളോട്: ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. 26ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. 27അവൾ അവനോട്: ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീതന്നെ എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി, 28തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ വന്നു. 30യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തുതന്നെ ആയിരുന്നു. 31വീട്ടിൽ അവളോടുകൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റുപോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരവാൻ പോകുന്നു എന്ന് വിചാരിച്ചു പിൻചെന്നു. 32യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 33അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി: 34അവനെ വച്ചത് എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്ന് അവർ അവനോട് പറഞ്ഞു. 35യേശു കണ്ണുനീർ വാർത്തു. 36ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. 37ചിലരോ: കുരുടന്റെ കണ്ണുതുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38യേശു പിന്നെയും ഉള്ളംനൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വച്ചിരുന്നു. 39കല്ലു നീക്കുവിൻ എന്ന് യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വച്ചുതുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. 40യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ കല്ലു നീക്കി. 41യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. 42നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. 43ഇങ്ങനെ പറഞ്ഞിട്ട് അവൻ: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. 44മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു അവരോടു പറഞ്ഞു.
45മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. 46എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു.
47മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. 48അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. 49അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവുതന്നെ, അവരോട്: നിങ്ങൾ ഒന്നും അറിയുന്നില്ല. 50ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. 51അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ, ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. 52ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിനുംതന്നെ. 53അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
54അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. 55യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹയ്ക്കു മുമ്പേ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. 56അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവൻ പെരുന്നാൾക്കു വരികയില്ലയോ എന്ന് തമ്മിൽ പറഞ്ഞു. 57എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോഹന്നാൻ 11: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.