യോഹ. 11:45-57

യോഹ. 11:45-57 IRVMAL

മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു. മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: “നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും“ എന്നു പറഞ്ഞു. അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നെ, അവരോട്: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ; ജനതകൾ മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല“ എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കേണം എന്നു പ്രവചിച്ചതത്രേ. രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നെ. അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: “എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ?“ എന്നു തമ്മിൽ പറഞ്ഞു. എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.

യോഹ. 11:45-57 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും