യിരെമ്യാവ് 42:1-12

യിരെമ്യാവ് 42:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സർവജനവും അടുത്തു വന്നു യിരെമ്യാപ്രവാചകനോട്: നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിനു ശേഷിച്ചിരിക്കുന്ന ഈ സകല ജനവുമായ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളൂ എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ അവരോട്: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കും; യഹോവ നിങ്ങൾക്ക് ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കയില്ല എന്നു പറഞ്ഞു. അവർ യിരെമ്യാവോട്: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതുപോലെയൊക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങൾ നിന്നെ പറഞ്ഞയയ്ക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിനു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു. പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകല ജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു. നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ട് അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്. അവനു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാൻ നിങ്ങൾക്കു കരുണ കാണിക്കും.

യിരെമ്യാവ് 42:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രൻ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സർവജനവും അപ്പോൾ ഒന്നിച്ചുകൂടി. അവർ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചാലും. ഞങ്ങൾ പോകേണ്ട മാർഗവും ഞങ്ങൾ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു കാണിച്ചുതരുമാറാകട്ടെ.” യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാൻ കേട്ടു; നിങ്ങൾ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സർവേശ്വരനോടു ഞാൻ പ്രാർഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാൻ പറയാം; നിങ്ങളിൽനിന്നു യാതൊന്നും ഞാൻ മറച്ചു വയ്‍ക്കുകയില്ല.” അവർ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരൻ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കൽ അയച്ചാലും ഞങ്ങൾ അതനുസരിച്ചു പ്രവർത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങൾ ചെയ്യുന്നില്ലെങ്കിൽ സർവേശ്വരൻ തന്നെ ഞങ്ങൾക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. നമ്മുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങൾ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്റെ അടുക്കലേക്കാണല്ലോ ഞങ്ങൾ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു ശുഭംവരും.” പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. അപ്പോൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവർമുതൽ വലിയവർവരെ സർവജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ എന്നെ ആരുടെ അടുക്കൽ അയച്ചുവോ ആ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ ദേശത്തുതന്നെ പാർത്താൽ, ഞാൻ നിങ്ങളെ പടുത്തുയർത്തും; പൊളിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു. നിങ്ങൾ ബാബിലോൺ രാജാവിനെ ഭയപ്പെടേണ്ടാ; അവന്റെ കരങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാൻ നിങ്ങളോടുകൂടെയുണ്ട്. അവനെ ഭയപ്പെടേണ്ടാ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളോടു കരുണ കാണിക്കും.

യിരെമ്യാവ് 42:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്‍റെ മകനായ യോഹാനാനും ഹോശയ്യാവിൻ്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്: “നിന്‍റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്നു നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്നു പറഞ്ഞു. അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്‍റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്നു പറഞ്ഞു. പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: “നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്‍റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്നു യഹോവയുടെ അരുളപ്പാട്. അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.

യിരെമ്യാവ് 42:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സർവ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു: നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ അവരോടു: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു. അവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു. പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു. നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു. അവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാൻ നിങ്ങൾക്കു കരുണകാണിക്കും.

യിരെമ്യാവ് 42:1-12 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ഉൾപ്പെടെ എല്ലാ സൈന്യാധിപന്മാരും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനങ്ങളും അടുത്തുവന്ന്, യിരെമ്യാപ്രവാചകനോട് ഇപ്രകാരം അഭ്യർഥിച്ചു, “ഞങ്ങളുടെ അപേക്ഷ മാനിച്ച്, ഈ അവശേഷിച്ച ജനത്തിനുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിച്ചാലും. ഒരിക്കൽ അസംഖ്യമായിരുന്ന ഞങ്ങൾ അങ്ങേക്ക് ഇപ്പോൾ കാണാൻ കഴിയുന്നതുപോലെ വളരെ ചുരുക്കംപേരായി ശേഷിച്ചിരിക്കുന്നു. ഞങ്ങൾ എങ്ങോട്ട് പോകണമെന്നും എന്തു ചെയ്യണമെന്നും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യേണ്ടുന്നതിനായി പ്രാർഥിച്ചാലും.” അപ്പോൾ യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. ദൈവം നിങ്ങൾക്കു മറുപടിയായി നൽകുന്ന സന്ദേശം മുഴുവൻ ഞാൻ നിങ്ങളെ അറിയിക്കുകയും ചെയ്യാം. ഒരു വാക്കുപോലും ഞാൻ മറച്ചുവെക്കുകയില്ല.” അവർ യിരെമ്യാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽക്കൂടി ഞങ്ങളെ അറിയിക്കുന്ന എല്ലാ വചനവും അനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപക്ഷം യഹോവ നമുക്കുമധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഗുണമായാലും ദോഷമായാലും ഞങ്ങൾ അനുസരിക്കും. അവിടത്തെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മയുണ്ടാകേണ്ടതിനായി ഞങ്ങൾ അങ്ങയെ ദൈവസന്നിധിയിലേക്കു പറഞ്ഞയയ്ക്കുകയാണ്.” പത്തുദിവസം കഴിഞ്ഞിട്ട് യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. അതുകൊണ്ട് അദ്ദേഹം കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാ സൈന്യാധിപന്മാരെയും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനത്തെയും വിളിച്ചുകൂട്ടി. യിരെമ്യാവ് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ അപേക്ഷ അറിയിക്കുന്നതിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് എന്നെ അയച്ചുവോ, ഇസ്രായേലിന്റെ ദൈവമായ ആ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു. നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു. അദ്ദേഹത്തിനു നിങ്ങളോട് അനുകമ്പ തോന്നിയിട്ട് നിങ്ങളുടെ സ്വന്തം ദേശത്തേക്കു നിങ്ങളെ മടക്കി അയയ്ക്കാൻ തക്കവണ്ണം ഞാൻ നിങ്ങളോടു കരുണകാണിക്കും.’