അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്‍റെ മകനായ യോഹാനാനും ഹോശയ്യാവിൻ്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്: “നിന്‍റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്നു നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്നു പറഞ്ഞു. അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്‍റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്നു പറഞ്ഞു. പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: “നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്‍റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്നു യഹോവയുടെ അരുളപ്പാട്. അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.
യിരെ. 42 വായിക്കുക
കേൾക്കുക യിരെ. 42
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെ. 42:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ