സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രൻ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സർവജനവും അപ്പോൾ ഒന്നിച്ചുകൂടി. അവർ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചാലും. ഞങ്ങൾ പോകേണ്ട മാർഗവും ഞങ്ങൾ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു കാണിച്ചുതരുമാറാകട്ടെ.” യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാൻ കേട്ടു; നിങ്ങൾ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സർവേശ്വരനോടു ഞാൻ പ്രാർഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാൻ പറയാം; നിങ്ങളിൽനിന്നു യാതൊന്നും ഞാൻ മറച്ചു വയ്‍ക്കുകയില്ല.” അവർ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരൻ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കൽ അയച്ചാലും ഞങ്ങൾ അതനുസരിച്ചു പ്രവർത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങൾ ചെയ്യുന്നില്ലെങ്കിൽ സർവേശ്വരൻ തന്നെ ഞങ്ങൾക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. നമ്മുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങൾ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്റെ അടുക്കലേക്കാണല്ലോ ഞങ്ങൾ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു ശുഭംവരും.” പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. അപ്പോൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവർമുതൽ വലിയവർവരെ സർവജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ എന്നെ ആരുടെ അടുക്കൽ അയച്ചുവോ ആ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ ദേശത്തുതന്നെ പാർത്താൽ, ഞാൻ നിങ്ങളെ പടുത്തുയർത്തും; പൊളിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു. നിങ്ങൾ ബാബിലോൺ രാജാവിനെ ഭയപ്പെടേണ്ടാ; അവന്റെ കരങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാൻ നിങ്ങളോടുകൂടെയുണ്ട്. അവനെ ഭയപ്പെടേണ്ടാ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളോടു കരുണ കാണിക്കും.
JEREMIA 42 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 42:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ