യിരെമ്യാവ് 32:6-15
യിരെമ്യാവ് 32:6-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിരെമ്യാവു പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും. യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: ബെന്യാമീൻ ദേശത്ത് അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളത്; നീ അതു മേടിച്ചു കൊള്ളേണം എന്ന് എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാട് എന്നു ഞാൻ ഗ്രഹിച്ചു. അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു. ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാൻ പണം അവനു തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്ത് ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു. അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ച് അവ ഏറിയകാലം നില്പാൻ തക്കവണ്ണം ഒരു മൺപാത്രത്തിൽ വയ്ക്കുക. ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 32:6-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യിരെമ്യാ പറഞ്ഞു: സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു. “നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ നിന്റെ അടുക്കൽ വന്ന് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിൻറേതാണ്” എന്നു പറയും. അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ, കാവല്‌ക്കാരുടെ അങ്കണത്തിൽ എന്റെ അടുക്കൽ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി. അങ്ങനെ എന്റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാൻ വാങ്ങി. ആധാരം എഴുതി മുദ്രവച്ച് സാക്ഷികൾ ഒപ്പു വച്ചശേഷം അതിന്റെ വിലയായ വെള്ളി തുലാസിൽവച്ചു തൂക്കിക്കൊടുത്തു. വ്യവസ്ഥകൾ അടങ്ങുന്ന മുദ്രവച്ച ആധാരവും അതിന്റെ പകർപ്പും ഞാൻ സ്വീകരിച്ചു. ആധാരം ഞാൻ നേരിയായുടെ പുത്രനും മയസയായുടെ പൗത്രനുമായ ബാരൂക്കിനെ എന്റെ പിതൃസഹോദരപുത്രൻ ഹനമേലിന്റെയും ആധാരത്തിൽ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തിൽ വച്ച് ഏല്പിച്ചു. അവരുടെ സാന്നിധ്യത്തിൽ ബാരൂക്കിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: മുദ്രവച്ചതും മുദ്രവയ്‍ക്കാത്തതുമായ പ്രമാണങ്ങൾ എടുത്ത് ഏറെക്കാലം സുരക്ഷിതമായിരിക്കാൻ ഒരു മൺപാത്രത്തിൽ വയ്‍ക്കുക.” ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ദേശത്ത് ഇനിയും വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും.”
യിരെമ്യാവ് 32:6-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിരെമ്യാവ് പറഞ്ഞത്: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന് ‘അനാഥോത്തിലെ എന്റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിൻ്റെ അവകാശം നിനക്കുള്ളതല്ലയോ’ എന്നു പറയും.” യഹോവ അരുളിച്ചെയ്തതുപോലെ എന്‍റെ ഇളയപ്പൻ്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: “ബെന്യാമീൻദേശത്ത് അനാഥോത്തിലെ എന്റെ നിലം വാങ്ങേണമേ; അവകാശം നിനക്കുള്ളതല്ലയോ; വീണ്ടെടുപ്പും നിനക്കുള്ളത്; നീ അത് മേടിച്ചുകൊള്ളണം” എന്നു എന്നോടു പറഞ്ഞു; അത് യഹോവയുടെ അരുളപ്പാടു എന്നു ഞാൻ ഗ്രഹിച്ചു. അങ്ങനെ ഞാൻ ഇളയപ്പൻ്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കൽ വെള്ളി തൂക്കിക്കൊടുത്തു. ആധാരം എഴുതി മുദ്രയിട്ട് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന് തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ച് മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി. ഇളയപ്പൻ്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാർ എല്ലാവരുടെയും കണ്മുമ്പിൽ ആധാരം മഹസേയാവിൻ്റെ മകനായ നേര്യാവിൻ്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു. അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വെക്കുക. ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും” എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 32:6-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിരെമ്യാവു പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും. യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്തു എന്റെ അടുക്കൽ വന്നു: ബെന്യാമീൻദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാടു എന്നു ഞാൻ ഗ്രഹിച്ചു. അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോടു അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു. ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു. അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ചു അവ ഏറിയകാലം നില്പാന്തക്കവണ്ണം ഒരു മൺപാത്രത്തിൽ വെക്കുക. ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 32:6-15 സമകാലിക മലയാളവിവർത്തനം (MCV)
യിരെമ്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും. “അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’ “അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി; അങ്ങനെ ഞാൻ എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം വിലയ്ക്കുവാങ്ങി. പതിനേഴു ശേക്കേൽ വെള്ളി ഞാൻ അയാൾക്കു തൂക്കിക്കൊടുത്തു. ആധാരം ഞാൻ ഒപ്പിട്ടു മുദ്രവെച്ചശേഷം സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പിന്നെ ഞാൻ വെള്ളി അയാൾക്കു തുലാസിൽ തൂക്കിക്കൊടുത്തു. പിന്നീടു ഞാൻ വാങ്ങിയ ആധാരം എടുത്തു—വ്യവസ്ഥകൾ എഴുതിയതും മുദ്രയിട്ടതുമായ ആധാരവും അതിന്റെ പകർപ്പും— ഞാൻ വിലയാധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ, എന്റെ പിതൃസഹോദരന്റെ മകൻ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവൽപ്പുരമുറ്റത്ത് ഇരുന്നിരുന്ന എല്ലാ യെഹൂദന്മാരും കാൺകെ കൊടുത്തു. “അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇപ്രകാരമുള്ള നിർദേശങ്ങളും നൽകി: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ട ഈ വിലയാധാരവും ഈ പകർപ്പും വാങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കേണ്ടതിന് അവ ഒരു മൺപാത്രത്തിലാക്കി വെക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വീടുകളും നിലങ്ങളും മുന്തിരിത്തോപ്പുകളും ഈ ദേശത്ത് ഇനിയും വിലയ്ക്കു വാങ്ങപ്പെടും.’