യിരെമ്യാവ് 32:6-15

യിരെമ്യാവ് 32:6-15 MCV

യിരെമ്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും. “അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’ “അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി; അങ്ങനെ ഞാൻ എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം വിലയ്ക്കുവാങ്ങി. പതിനേഴു ശേക്കേൽ വെള്ളി ഞാൻ അയാൾക്കു തൂക്കിക്കൊടുത്തു. ആധാരം ഞാൻ ഒപ്പിട്ടു മുദ്രവെച്ചശേഷം സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പിന്നെ ഞാൻ വെള്ളി അയാൾക്കു തുലാസിൽ തൂക്കിക്കൊടുത്തു. പിന്നീടു ഞാൻ വാങ്ങിയ ആധാരം എടുത്തു—വ്യവസ്ഥകൾ എഴുതിയതും മുദ്രയിട്ടതുമായ ആധാരവും അതിന്റെ പകർപ്പും— ഞാൻ വിലയാധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ, എന്റെ പിതൃസഹോദരന്റെ മകൻ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവൽപ്പുരമുറ്റത്ത് ഇരുന്നിരുന്ന എല്ലാ യെഹൂദന്മാരും കാൺകെ കൊടുത്തു. “അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇപ്രകാരമുള്ള നിർദേശങ്ങളും നൽകി: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ട ഈ വിലയാധാരവും ഈ പകർപ്പും വാങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കേണ്ടതിന് അവ ഒരു മൺപാത്രത്തിലാക്കി വെക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വീടുകളും നിലങ്ങളും മുന്തിരിത്തോപ്പുകളും ഈ ദേശത്ത് ഇനിയും വിലയ്ക്കു വാങ്ങപ്പെടും.’