യിരെ. 32:6-15

യിരെ. 32:6-15 IRVMAL

യിരെമ്യാവ് പറഞ്ഞത്: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “നിന്‍റെ ഇളയപ്പനായ ശല്ലൂമിന്‍റെ മകൻ ഹനമെയേൽ നിന്‍റെ അടുക്കൽവന്ന് ‘അനാഥോത്തിലെ എന്‍റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിൻ്റെ അവകാശം നിനക്കുള്ളതല്ലയോ’ എന്നു പറയും.” യഹോവ അരുളിച്ചെയ്തതുപോലെ എന്‍റെ ഇളയപ്പൻ്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്‍റെ അടുക്കൽ വന്നു: “ബെന്യാമീൻദേശത്ത് അനാഥോത്തിലെ എന്‍റെ നിലം വാങ്ങേണമേ; അവകാശം നിനക്കുള്ളതല്ലയോ; വീണ്ടെടുപ്പും നിനക്കുള്ളത്; നീ അത് മേടിച്ചുകൊള്ളണം” എന്നു എന്നോടു പറഞ്ഞു; അത് യഹോവയുടെ അരുളപ്പാടു എന്നു ഞാൻ ഗ്രഹിച്ചു. അങ്ങനെ ഞാൻ ഇളയപ്പൻ്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കൽ വെള്ളി തൂക്കിക്കൊടുത്തു. ആധാരം എഴുതി മുദ്രയിട്ട് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന് തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ച് മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി. ഇളയപ്പൻ്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാർ എല്ലാവരുടെയും കണ്മുമ്പിൽ ആധാരം മഹസേയാവിൻ്റെ മകനായ നേര്യാവിൻ്റെ മകൻ ബാരൂക്കിന്‍റെ പക്കൽ കൊടുത്തു. അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വെക്കുക. ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും” എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.