യിരെമ്യാവ് 32:16-25
യിരെമ്യാവ് 32:16-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർഥിച്ചത് എന്തെന്നാൽ: അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല. നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം. നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിനു നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്‍ടി വയ്ക്കുന്നു. നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം സമ്പാദിക്കയും നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അദ്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും അവരുടെ പിതാക്കന്മാർക്കു കൊടുപ്പാൻ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവർക്കു കൊടുക്കയും ചെയ്തു. അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർഥമൊക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിനു നേരേ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിച്ചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനു സാക്ഷികളെ വയ്ക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ?
യിരെമ്യാവ് 32:16-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേരിയായുടെ പുത്രൻ ബാരൂക്കിന്റെ കൈയിൽ ആധാരം ഏല്പിച്ചതിനുശേഷം സർവേശ്വരനോടു ഞാൻ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സർവശക്തനായ സർവേശ്വരൻ എന്നാണല്ലോ. അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്റെ നടപ്പിനും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു. ഈജിപ്തിലും ഇസ്രായേലിലും സർവ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി. സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തിൽനിന്ന് അങ്ങു വിമോചിപ്പിച്ചു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവർക്കു കൊടുത്തു. അവർ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവർ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനർഥമെല്ലാം അങ്ങ് അവരുടെമേൽ വരുത്തിയത്. നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മൺകൂനകൾ ഉയർന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങൾ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ. നഗരം ബാബിലോണിന്റെ കൈയിൽ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തിൽ നിലം വിലയ്‍ക്കു വാങ്ങാൻ സർവേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”
യിരെമ്യാവ് 32:16-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ ആധാരം നേര്യാവിൻ്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർത്ഥിച്ചത് എന്തെന്നാൽ: “അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല. അവിടുന്ന് ആയിരം തലമുറയോളം ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവ്വിടത്തിൽ പകരം കൊടുക്കുകയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലയോ അവിടുത്തെ നാമം. അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവക്കുന്നു. അവിടുന്ന് മിസ്രയീമിലും, ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ അവിടുത്തേക്ക് ഒരു നാമം സമ്പാദിക്കുകയും അവിടുത്തെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീമിൽ നിന്ന് കൊണ്ടുവരുകയും അവരുടെ പിതാക്കന്മാർക്ക് കൊടുക്കുവാൻ അങ്ങ് അവരോട് സത്യം ചെയ്തിരുന്ന, പാലും തേനും ഒഴുകുന്ന ഈ ദേശം അവർക്ക് കൊടുക്കുകയും ചെയ്തു. അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു. ഇതാ, ഉപരോധക്കോട്ടകൾ! അവർ നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും കാരണം ഈ നഗരം അതിന് നേരെ യുദ്ധം ചെയ്യുന്ന കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അരുളിച്ചെയ്തത് സംഭവിച്ചിരിക്കുന്നു; അങ്ങ് അത് കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിന് സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ.”
യിരെമ്യാവ് 32:16-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർത്ഥിച്ചതു എന്തെന്നാൽ: അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല. നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന്നു അവരുടെ ശേഷം അവരുടെ മക്കളുടെ മാർവ്വിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം. നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു. നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം സമ്പാദിക്കുകയും നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും അവരുടെ പിതാക്കന്മാർക്കു കൊടുപ്പാൻ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവർക്കു കൊടുക്കയും ചെയ്തു. അവർ അതിൽ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ടു ഈ അനർത്ഥം ഒക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന്നു അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിന്നു നേരെ യുദ്ധം ചെയ്യുന്ന കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിചെയ്തതു സംഭവിച്ചിരിക്കുന്നു; നീ അതു കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വെക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ.
യിരെമ്യാവ് 32:16-25 സമകാലിക മലയാളവിവർത്തനം (MCV)
“ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ കൊടുത്തശേഷം ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു. “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല. അങ്ങ് ആയിരം തലമുറവരെ ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവർക്കുശേഷമുള്ള മക്കളുടെ മാർവിടത്തിൽ ശിക്ഷ നടപ്പാക്കുകയുംചെയ്യുന്നു. മഹത്ത്വവും ശക്തിയും ഉള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ അവിടത്തെ നാമം! അങ്ങ് ആലോചനയിൽ ഉന്നതനും പ്രവൃത്തിയിൽ ബലവാനും ആകുന്നു. ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിന് അനുസരിച്ചും പ്രവൃത്തികൾക്ക് അർഹമായനിലയിലും പകരം നൽകേണ്ടതിന് അങ്ങയുടെ കണ്ണുകൾ മനുഷ്യപുത്രന്മാരുടെ എല്ലാ ജീവിതരീതികളും കാണുന്നല്ലോ. അങ്ങ് ഈജിപ്റ്റുദേശത്ത് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു, അവ ഇസ്രായേലിലും സകലമനുഷ്യർക്കിടയിലും ഇന്നും തുടരുന്നു എന്നുമാത്രമല്ല, അവിടത്തെ നാമത്തിന് ഇന്നും നിലനിൽക്കുന്ന കീർത്തിയും അതുമൂലം ലഭിച്ചിരിക്കുന്നു. അങ്ങ് എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റുദേശത്തുനിന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും കൊണ്ടുവന്നു. അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്തിരുന്ന ഈ ദേശം, പാലും തേനും ഒഴുകുന്നതായ ദേശംതന്നെ, അവർക്കു കൊടുത്തു. അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു. “നഗരം പിടിച്ചടക്കാൻ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമെന്നു കാണുക. വാളും ക്ഷാമവും മഹാമാരിയുംനിമിത്തം ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ കൈകളിൽ അത് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ കാണാൻ കഴിയുന്നതുപോലെതന്നെ അങ്ങ് അരുളിച്ചെയ്തത് നിറവേറ്റപ്പെടുന്നു. യഹോവയായ കർത്താവേ, ഈ നഗരം ബാബേല്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനിരിക്കെ, ‘നീ നിലം വിലയ്ക്കുവാങ്ങി സാക്ഷ്യപ്പെടുത്തുക’ എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചല്ലോ.”