യിരെമ്യാവ് 32:16-25

യിരെമ്യാവ് 32:16-25 MCV

“ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ കൊടുത്തശേഷം ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു. “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല. അങ്ങ് ആയിരം തലമുറവരെ ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവർക്കുശേഷമുള്ള മക്കളുടെ മാർവിടത്തിൽ ശിക്ഷ നടപ്പാക്കുകയുംചെയ്യുന്നു. മഹത്ത്വവും ശക്തിയും ഉള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ അവിടത്തെ നാമം! അങ്ങ് ആലോചനയിൽ ഉന്നതനും പ്രവൃത്തിയിൽ ബലവാനും ആകുന്നു. ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിന് അനുസരിച്ചും പ്രവൃത്തികൾക്ക് അർഹമായനിലയിലും പകരം നൽകേണ്ടതിന് അങ്ങയുടെ കണ്ണുകൾ മനുഷ്യപുത്രന്മാരുടെ എല്ലാ ജീവിതരീതികളും കാണുന്നല്ലോ. അങ്ങ് ഈജിപ്റ്റുദേശത്ത് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു, അവ ഇസ്രായേലിലും സകലമനുഷ്യർക്കിടയിലും ഇന്നും തുടരുന്നു എന്നുമാത്രമല്ല, അവിടത്തെ നാമത്തിന് ഇന്നും നിലനിൽക്കുന്ന കീർത്തിയും അതുമൂലം ലഭിച്ചിരിക്കുന്നു. അങ്ങ് എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റുദേശത്തുനിന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും കൊണ്ടുവന്നു. അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്തിരുന്ന ഈ ദേശം, പാലും തേനും ഒഴുകുന്നതായ ദേശംതന്നെ, അവർക്കു കൊടുത്തു. അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു. “നഗരം പിടിച്ചടക്കാൻ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമെന്നു കാണുക. വാളും ക്ഷാമവും മഹാമാരിയുംനിമിത്തം ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ കൈകളിൽ അത് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ കാണാൻ കഴിയുന്നതുപോലെതന്നെ അങ്ങ് അരുളിച്ചെയ്തത് നിറവേറ്റപ്പെടുന്നു. യഹോവയായ കർത്താവേ, ഈ നഗരം ബാബേല്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനിരിക്കെ, ‘നീ നിലം വിലയ്ക്കുവാങ്ങി സാക്ഷ്യപ്പെടുത്തുക’ എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചല്ലോ.”