JEREMIA 32:16-25

JEREMIA 32:16-25 MALCLBSI

നേരിയായുടെ പുത്രൻ ബാരൂക്കിന്റെ കൈയിൽ ആധാരം ഏല്പിച്ചതിനുശേഷം സർവേശ്വരനോടു ഞാൻ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സർവശക്തനായ സർവേശ്വരൻ എന്നാണല്ലോ. അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്റെ നടപ്പിനും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു. ഈജിപ്തിലും ഇസ്രായേലിലും സർവ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി. സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തിൽനിന്ന് അങ്ങു വിമോചിപ്പിച്ചു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവർക്കു കൊടുത്തു. അവർ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവർ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനർഥമെല്ലാം അങ്ങ് അവരുടെമേൽ വരുത്തിയത്. നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മൺകൂനകൾ ഉയർന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങൾ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ. നഗരം ബാബിലോണിന്റെ കൈയിൽ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തിൽ നിലം വിലയ്‍ക്കു വാങ്ങാൻ സർവേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”

JEREMIA 32 വായിക്കുക