യിരെമ്യാവ് 28:10-16

യിരെമ്യാവ് 28:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്, സകല ജനവും കേൾക്കെ: ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകല ജാതികളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കുപോയി. ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു ഹനന്യാവോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു. എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഞാൻ ഈ സകല ജാതികളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവനു കൊടുത്തിരിക്കുന്നു. പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യിരെമ്യാവ് 28:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു. സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പറഞ്ഞു; “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതുപോലെ സർവജനതകളുടെയും കഴുത്തിൽ നിന്നു ബാബിലോൺ രാജാവായ നെബുഖദ്നേസർരാജാവിന്റെ നുകം രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകൻ തന്റെ വഴിക്കുപോയി. യിരെമ്യാപ്രവാചകന്റെ കഴുത്തിൽ ഇരുന്ന നുകം ഹനന്യാ ഒടിച്ചുകളഞ്ഞതിനുശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “ഹനന്യായോടു പോയി പറയുക: സർവേശ്വരൻ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നെബുഖദ്നേസറിനെ സേവിക്കുന്നതിനുവേണ്ടി അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാൻ സകല ജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അയാളെ സേവിക്കും; കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അയാൾക്കു കൊടുത്തിരിക്കുന്നു.” പിന്നീട് യിരെമ്യാപ്രവാചകൻ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സർവേശ്വരൻ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തിൽ ആശ്രയിക്കുമാറാക്കി. അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഭൂമുഖത്തുനിന്നു ഞാൻ നിന്നെ നീക്കിക്കളയും; ഈ വർഷം തന്നെ നീ മരിക്കും; സർവേശ്വരനോടു മത്സരിക്കാൻ നീ ഈ ജനത്തെ പ്രേരിപ്പിച്ചു.”

യിരെമ്യാവ് 28:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്, സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു വർഷത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്‍റെ വഴിക്കുപോയി. ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന് പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു.” എങ്ങനെയെന്നാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.” പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു.” അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

യിരെമ്യാവ് 28:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു, സകലജനവും കേൾക്കെ; ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിന്നകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തിൽനിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി. ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു. എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു. പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യിരെമ്യാവ് 28:10-16 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു. സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി. ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി: “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ” അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു. അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”