യിരെമ്യാവ് 28:10-16

യിരെമ്യാവ് 28:10-16 MALOVBSI

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്, സകല ജനവും കേൾക്കെ: ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകല ജാതികളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കുപോയി. ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു ഹനന്യാവോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു. എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഞാൻ ഈ സകല ജാതികളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവനു കൊടുത്തിരിക്കുന്നു. പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.