യിരെമ്യാവ് 28:10-16

യിരെമ്യാവ് 28:10-16 MCV

അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു. സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി. ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി: “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ” അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു. അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”