യാക്കോബ് 5:12-20
യാക്കോബ് 5:12-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശേഷാൽ സഹോദരന്മാരേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു. ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവഴിക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:12-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, സർവോപരി സ്വർഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ. നിങ്ങളിൽ കഷ്ടത സഹിക്കുന്നവൻ പ്രാർഥിക്കട്ടെ; സന്തോഷിക്കുന്നവൻ സ്തോത്രഗാനം ആലപിക്കട്ടെ. രോഗശയ്യയിൽ കിടക്കുന്നവൻ സഭാമുഖ്യരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കുകയും ചെയ്യും. നിങ്ങൾക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു. ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാൻവേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാർഥിച്ചു. അതിന്റെ ഫലമായി മൂന്നര വർഷം ഭൂമിയിൽ മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നല്‌കി; ഭൂമി അതിന്റെ ഫലങ്ങൾ നല്‌കുകയും ചെയ്തു. എന്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യത്തിൽനിന്നു വ്യതിചലിക്കുകയും, മറ്റൊരാൾ അയാളെ തിരിച്ചു വരുത്തുകയും ചെയ്താൽ, പാപിയെ അവന്റെ വഴിയിൽനിന്നു തിരിക്കുന്നവൻ, അവന്റെ ആത്മാവിനെ മരണത്തിൽനിന്നു രക്ഷിക്കുകയും അവന്റെ അസംഖ്യമായ പാപങ്ങൾ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓർത്തുകൊള്ളുക.
യാക്കോബ് 5:12-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ എന്‍റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ “ഉവ്വ്” എന്നു പറഞ്ഞാൽ “ഉവ്വ്” എന്നും “ഇല്ല” എന്നു പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും. അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു. ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു വർഷവും ആറു മാസവും ദേശത്ത് മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു. എന്‍റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ, പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്‍റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:12-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിശേഷാൽ സഹോദരന്മാരേ, സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു. ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:12-20 സമകാലിക മലയാളവിവർത്തനം (MCV)
സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും. നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ. നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും. ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്. ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു. എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.