യാക്കോ. 5
5
ധനവാന്മാർക്കുള്ള മുന്നറിയിപ്പ്
1അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്തു അലമുറയിട്ട് കരയുവിൻ. 2നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി. 3നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെനേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. 4നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു. 5നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. 6നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.
കഷ്ടതയിൽ സഹനം
7അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ. 8നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; 9സഹോദരന്മാരേ, വിധിക്കപ്പെടാതിരിക്കുവാൻ ഒരുവന്റെ നേരെ ഒരുവൻ പിറുപിറുക്കരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു. 10സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും മാതൃകയാക്കികൊള്ളുവിൻ. 11സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നുവല്ലോ. ഇയ്യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12എന്നാൽ എന്റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ “ഉവ്വ്” എന്നു പറഞ്ഞാൽ “ഉവ്വ്” എന്നും “ഇല്ല” എന്നു പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ.
പ്രാർത്ഥനയുടെ ശക്തി
13നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. 14നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. 15എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും. 16അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു.
17ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു വർഷവും ആറു മാസവും ദേശത്ത് മഴ പെയ്തില്ല. 18അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു.
19എന്റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ, 20പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യാക്കോ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.