JAKOBA 5:12-20

JAKOBA 5:12-20 MALCLBSI

സഹോദരരേ, സർവോപരി സ്വർഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ. നിങ്ങളിൽ കഷ്ടത സഹിക്കുന്നവൻ പ്രാർഥിക്കട്ടെ; സന്തോഷിക്കുന്നവൻ സ്തോത്രഗാനം ആലപിക്കട്ടെ. രോഗശയ്യയിൽ കിടക്കുന്നവൻ സഭാമുഖ്യരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കുകയും ചെയ്യും. നിങ്ങൾക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു. ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാൻവേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാർഥിച്ചു. അതിന്റെ ഫലമായി മൂന്നര വർഷം ഭൂമിയിൽ മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നല്‌കി; ഭൂമി അതിന്റെ ഫലങ്ങൾ നല്‌കുകയും ചെയ്തു. എന്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യത്തിൽനിന്നു വ്യതിചലിക്കുകയും, മറ്റൊരാൾ അയാളെ തിരിച്ചു വരുത്തുകയും ചെയ്താൽ, പാപിയെ അവന്റെ വഴിയിൽനിന്നു തിരിക്കുന്നവൻ, അവന്റെ ആത്മാവിനെ മരണത്തിൽനിന്നു രക്ഷിക്കുകയും അവന്റെ അസംഖ്യമായ പാപങ്ങൾ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓർത്തുകൊള്ളുക.

JAKOBA 5 വായിക്കുക