യെശയ്യാവ് 65:20-25
യെശയ്യാവ് 65:20-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:20-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിശുക്കളുടെയോ ആയുഷ്കാലം പൂർത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും. അവർ വീടുകൾ നിർമിച്ച് അവയിൽ പാർക്കും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. അവർ നിർമിക്കുന്ന ഭവനങ്ങളിൽ അന്യർ വസിക്കാനിടവരികയില്ല. അവർ നട്ടുണ്ടാക്കുന്നവ അവർതന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങൾപോലെ ദീർഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീർഘകാലം ആസ്വദിക്കും. അവരുടെ അധ്വാനം വെറുതെ ആവുകയില്ല. അവരുടെ മക്കൾ ആപത്തിൽപ്പെടുകയില്ല. അവർ സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും. അവരുടെ മക്കളും അനുഗൃഹീതരാകും. അവർ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവർക്ക് ഉത്തരമരുളും. അവർ സംസാരിക്കുമ്പോൾ തന്നെ ഞാൻ കേട്ടുകഴിയും. ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു മേയും. സിംഹം കാളയെപ്പോലെ വയ്‍ക്കോൽ തിന്നും. സർപ്പത്തിന്റെ ആഹാരം പൊടി ആയിരിക്കും. എന്റെ വിശുദ്ധപർവതത്തിൽ തിന്മയോ നാശമോ ആരും ചെയ്യുകയില്ല. സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.
യെശയ്യാവ് 65:20-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്‍റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:20-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 65:20-25 സമകാലിക മലയാളവിവർത്തനം (MCV)
“ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും. അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും. അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും. അവർ വ്യർഥമായി അധ്വാനിക്കുകയോ ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല; കാരണം അവരും അവരുടെ സന്തതികളും യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും സിംഹം കാളയെപ്പോലെ പുല്ലുതിന്നും പൊടി സർപ്പത്തിന് ആഹാരമാകും. എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.