യെശ. 65:20-25

യെശ. 65:20-25 IRVMAL

കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.