യെശയ്യാവ് 65:20-25

യെശയ്യാവ് 65:20-25 MCV

“ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും. അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും. അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും. അവർ വ്യർഥമായി അധ്വാനിക്കുകയോ ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല; കാരണം അവരും അവരുടെ സന്തതികളും യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും സിംഹം കാളയെപ്പോലെ പുല്ലുതിന്നും പൊടി സർപ്പത്തിന് ആഹാരമാകും. എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.