യെശയ്യാവ് 58:1-9

യെശയ്യാവ് 58:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക. എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ച് എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോട് അടുപ്പാൻ വാഞ്ഛിക്കുന്നു. ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്‍ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നത്. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നത്? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും. അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്ന് അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും

യെശയ്യാവ് 58:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്റെ സ്വരം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഗൃഹത്തോട്, അവരുടെ പാപങ്ങൾ പ്രഖ്യാപിക്കുക. നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്റെ അനുശാസനങ്ങൾ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവർ നിത്യേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോടു നീതിപൂർവമായ വിധികൾ ആവശ്യപ്പെടുന്നു. അവർ ദൈവത്തെ സമീപിക്കാൻ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കിൽ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളിൽ നിങ്ങൾ സ്വന്തം ഉല്ലാസങ്ങൾ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ കലഹിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും മുഷ്‍ടി ചുരുട്ടി ഇടിക്കുന്നതിനും ഉപവസിക്കുന്നു. ഈ രീതിയിലുള്ള ഉപവാസം നിങ്ങളുടെ സ്വരം ദൈവസന്നിധിയിലെത്തിക്കുകയില്ല. ഇത്തരം ഉപവാസമാണോ എനിക്കു വേണ്ടത്? ഒരു ദിവസത്തേക്കു മാത്രം ഒരാൾ സ്വയം എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ചു ചാരം വിതറി കിടക്കുന്നതുമാണോ അത്? ഇതിനെയാണോ ഉപവാസമെന്നും ദൈവത്തിനു പ്രസാദകരമായ ദിവസമെന്നും വിളിക്കുക? അനീതിയുടെ ബന്ധനങ്ങൾ അഴിക്കുക, ദുഷ്ടതയുടെ നുകത്തിന്റെ അടിമക്കയറുകൾ പൊട്ടിക്കുക, മർദിതരെ സ്വതന്ത്രരാക്കി വിടുക, എല്ലാ നുകങ്ങളും തകർക്കുക. ഇവയല്ലേ എനിക്കു സ്വീകാര്യമായ ഉപവാസം? വിശക്കുന്നവനു ഭക്ഷണം പങ്കുവയ്‍ക്കുകയും, കിടപ്പാടമില്ലാത്ത ദരിദ്രനെ വീട്ടിലേക്കു കൊണ്ടുവരികയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നൊഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നീതി നിന്റെ മുമ്പിൽ നടക്കും, സർവേശ്വരന്റെ തേജസ്സ് നിന്റെ പിമ്പിൽ കാവലുമായിരിക്കും. അപ്പോൾ നീ സർവേശ്വരനോടു പ്രാർഥിക്കും. അവിടുന്നു നിനക്ക് ഉത്തരമരുളും. നീ നിലവിളിക്കുമ്പോൾ ഞാൻ ഇതാ എന്ന് അവിടുന്ന് മറുപടി നല്‌കും. നിങ്ങളുടെ ഇടയിൽനിന്നു മർദനവും അവഹേളനവും ദുർഭാഷണവും നീക്കിക്കളയുക.

യെശയ്യാവ് 58:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കുകയും അവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു. “ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്‍ക്കുന്നത്. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും. അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്നു അവിടുന്ന് അരുളിച്ചെയ്യും

യെശയ്യാവ് 58:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക. എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു. ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും. അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും

യെശയ്യാവ് 58:1-9 സമകാലിക മലയാളവിവർത്തനം (MCV)

“ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക. അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു. ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’ “ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട. ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? ഇതിനെയോ നിങ്ങൾ ഉപവാസമെന്നും യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്? “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകവും തകർത്തുകളയുക, വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം? അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും. അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.