“ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക. അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു. ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’ “ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട. ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? ഇതിനെയോ നിങ്ങൾ ഉപവാസമെന്നും യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്? “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകവും തകർത്തുകളയുക, വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം? അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും. അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.
യെശയ്യാവ് 58 വായിക്കുക
കേൾക്കുക യെശയ്യാവ് 58
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 58:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ