ISAIA 58
58
യഥാർഥ ഉപവാസം
1ഉറക്കെവിളിക്കൂ, അടങ്ങിയിരിക്കരുത്. കാഹളധ്വനിപോലെ നിന്റെ സ്വരം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഗൃഹത്തോട്, അവരുടെ പാപങ്ങൾ പ്രഖ്യാപിക്കുക. 2നീതി പാലിക്കുകയും തങ്ങളുടെ ദൈവത്തിന്റെ അനുശാസനങ്ങൾ നിരസിക്കാതിരിക്കുകയും ചെയ്യുന്ന ജനതയെപ്പോലെ അവർ നിത്യേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോടു നീതിപൂർവമായ വിധികൾ ആവശ്യപ്പെടുന്നു. 3അവർ ദൈവത്തെ സമീപിക്കാൻ ഔത്സുക്യം കാട്ടുന്നു. അങ്ങു ശ്രദ്ധിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തിനുപവസിക്കണം? അങ്ങ് അറിയുന്നില്ലെങ്കിൽ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തണം. ഉപവാസനാളുകളിൽ നിങ്ങൾ സ്വന്തം ഉല്ലാസങ്ങൾ തേടുന്നു. വേലക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു. 4നിങ്ങൾ കലഹിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും മുഷ്‍ടി ചുരുട്ടി ഇടിക്കുന്നതിനും ഉപവസിക്കുന്നു. ഈ രീതിയിലുള്ള ഉപവാസം നിങ്ങളുടെ സ്വരം ദൈവസന്നിധിയിലെത്തിക്കുകയില്ല. ഇത്തരം ഉപവാസമാണോ എനിക്കു വേണ്ടത്? 5ഒരു ദിവസത്തേക്കു മാത്രം ഒരാൾ സ്വയം എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ചു ചാരം വിതറി കിടക്കുന്നതുമാണോ അത്? ഇതിനെയാണോ ഉപവാസമെന്നും ദൈവത്തിനു പ്രസാദകരമായ ദിവസമെന്നും വിളിക്കുക?
6അനീതിയുടെ ബന്ധനങ്ങൾ അഴിക്കുക, ദുഷ്ടതയുടെ നുകത്തിന്റെ അടിമക്കയറുകൾ പൊട്ടിക്കുക, മർദിതരെ സ്വതന്ത്രരാക്കി വിടുക, എല്ലാ നുകങ്ങളും തകർക്കുക. ഇവയല്ലേ എനിക്കു സ്വീകാര്യമായ ഉപവാസം? 7വിശക്കുന്നവനു ഭക്ഷണം പങ്കുവയ്‍ക്കുകയും, കിടപ്പാടമില്ലാത്ത ദരിദ്രനെ വീട്ടിലേക്കു കൊണ്ടുവരികയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നൊഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? 8അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിടരും. നീ വേഗം സുഖം പ്രാപിക്കും. നീതി നിന്റെ മുമ്പിൽ നടക്കും, സർവേശ്വരന്റെ തേജസ്സ് നിന്റെ പിമ്പിൽ കാവലുമായിരിക്കും. 9അപ്പോൾ നീ സർവേശ്വരനോടു പ്രാർഥിക്കും. അവിടുന്നു നിനക്ക് ഉത്തരമരുളും. നീ നിലവിളിക്കുമ്പോൾ ഞാൻ ഇതാ എന്ന് അവിടുന്ന് മറുപടി നല്‌കും. നിങ്ങളുടെ ഇടയിൽനിന്നു മർദനവും അവഹേളനവും ദുർഭാഷണവും നീക്കിക്കളയുക. 10വിശക്കുന്നവർക്ക് ആഹാരം നല്‌കുകയും പീഡിതനെ ആശ്വസിപ്പിക്കുകയും ചെയ്യുക. അപ്പോൾ നിന്റെ വെളിച്ചം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ചുറ്റുമുള്ള അന്ധകാരം മധ്യാഹ്നം പോലെയാകും. 11സർവേശ്വരൻ നിന്നെ സദാ വഴിനടത്തും. കൊടിയ മരുഭൂമിയിലും നിനക്കു സംതൃപ്തി കൈവരുത്തും. നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളർത്തിയ പൂന്തോട്ടംപോലെയും വറ്റാത്ത നീരുറവുകൾപോലെയും നീ ആയിത്തീരും. 12നിന്റെ പുരാതനഅവശിഷ്ടങ്ങൾ വീണ്ടും പണിയപ്പെടും. അനേകം തലമുറകളുടെ അടിസ്ഥാനം നീ പടുത്തുയർത്തും. ഇടിഞ്ഞ മതിലുകളുടെ പുനരുദ്ധാരകനെന്നും പാർപ്പിടങ്ങൾ പുതുക്കി പണിയുന്നവനെന്നും നീ വിളിക്കപ്പെടും.
ശബത്താചരണം
13ശബത്തിനെ വിശുദ്ധമായി കാത്തു സൂക്ഷിക്കുക, സ്വന്ത വ്യാപാരങ്ങളിലേർപ്പെടാതെ നീ അന്നു സ്വസ്ഥനായിരിക്കുക; ശബത്ത് ആനന്ദകരമെന്നും സർവേശ്വരന്റെ വിശുദ്ധ ദിവസം ബഹുമാന്യമെന്നും കരുതുക. അന്നു സ്വന്തം താൽപര്യം അനുസരിച്ചു ജീവിക്കുകയോ സ്വന്തം ഉല്ലാസങ്ങൾ തേടുകയോ, വ്യർഥസംഭാഷണത്തിൽ ഏർപ്പെടുകയോ ചെയ്യാതെ ആ ദിവസത്തെ മാനിക്കുക. അങ്ങനെ ചെയ്താൽ നീ സർവേശ്വരനിൽ ആനന്ദിക്കും. 14ഭൂമിയിലെല്ലായിടത്തും നീ ബഹുമാനിക്കപ്പെടും. നിന്റെ പൂർവപിതാവായ യാക്കോബിനു നല്‌കപ്പെട്ട ദേശത്തിന്റെ ഗുണഭോക്താവ് നീയായിത്തീരും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 58: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.