യെശയ്യാവ് 5:1-7
യെശയ്യാവ് 5:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായിക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു
യെശയ്യാവ് 5:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫലഭൂയിഷ്ഠമായ ഒരു കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാൻ ആലപിക്കട്ടെ. അവൻ നിലം കിളച്ചൊരുക്കി; കല്ലുകൾ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവിൽ ഒരു കാവൽമാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ! യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങൾത്തന്നെ വിധിക്കൂ. എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്? ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി!
യെശയ്യാവ് 5:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ പ്രിയതമന് ഒരു പാട്ടുപാടും; അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്‍റെ പാട്ടുപാടും; എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. അതിനാൽ യെരൂശലേം നിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളവരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിക്കുവിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? അതിനാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അത് തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അത് ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
യെശയ്യാവ് 5:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‌വാനുള്ളു? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി!
യെശയ്യാവ് 5:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു. അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ. “ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക. ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്? അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും. ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.” സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.