യെശയ്യാവ് 5
5
മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനം
1ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും,
തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ:
എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ
ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു.
2അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു,
ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു.
അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു,
ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു.
അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു,
എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ.
3“ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ,
എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക.
4ഞാൻ അതിൽ ചെയ്തതിൽ അധികമായി
എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്?
അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ
എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്?
5അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന്
ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം:
ഞാൻ അതിന്റെ വേലി പൊളിച്ചുകളയും,
അതു തിന്നുപോകും;
ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും,
അതു ചവിട്ടിമെതിക്കപ്പെടും.
6ഞാൻ അതിനെ വിജനദേശമാക്കും,
അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല,
മുള്ളും പറക്കാരയും അതിൽ മുളയ്ക്കും.
അതിന്മേൽ മഴ ചൊരിയരുതെന്നു
ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”
7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ്
ഇസ്രായേൽ രാഷ്ട്രം ആകുന്നു,
യെഹൂദാജനമാണ് അവിടത്തേക്ക്
ആനന്ദംനൽകുന്ന മുന്തിരിവള്ളി.
അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ;
നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.
കഷ്ടവും ന്യായവിധിയും
8മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം
ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം
വീടിനോടു വീട് ചേർക്കുകയും
നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:
“രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം,
വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.
10പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു#5:10 ഏക. 22 ലി. വീഞ്ഞുമാത്രം ലഭിക്കും;
ഒരു ഹോമർ#5:10 ഏക. 160 കി.ഗ്രാം. വിത്തിൽനിന്ന് ഒരു ഏഫാ#5:10 ഏക. 16 കി.ഗ്രാം. ധാന്യംമാത്രം കിട്ടും.”
11മദ്യത്തിന്റെ പിറകെ ഓടാനായി
അതിരാവിലെ എഴുന്നേൽക്കുകയും
വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ,
രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും
തപ്പും കുഴലും വീഞ്ഞും ഉണ്ട്,
എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല;
അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
13പരിജ്ഞാനമില്ലായ്കയാൽ
എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു;
അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും
സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു.
14അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു
അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു;
ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും
കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും.
15അങ്ങനെ ജനം കുനിയുകയും
എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും,
നിഗളികളുടെ കണ്ണുകളും താഴും.
16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും,
പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.
17അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും;
ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും.
18വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും
വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം!
19“ദൈവം തന്റെ വേഗം കൂട്ടട്ടെ;
വേല തിടുക്കത്തിൽ ചെയ്യട്ടെ,
നമുക്കു കാണാമല്ലോ;
ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം—
അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ,
അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ.
20തിന്മയെ നന്മയെന്നും
നന്മയെ തിന്മയെന്നും വിളിക്കുകയും
വെളിച്ചത്തെ ഇരുളും
ഇരുളിനെ വെളിച്ചവും
കയ്‌പിനെ മധുരവും
മധുരത്തെ കയ്‌പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം!
21സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും
സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം!
22വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും
വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
23അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും
നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
24അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും
വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും,
അവരുടെ വേരുകൾ ദ്രവിച്ചുപോകും,
അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും;
സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ,
ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ.
25അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു;
അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു.
പർവതങ്ങൾ വിറയ്ക്കുന്നു,
അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു.
ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,
അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
26വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും;
ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും.
ഇതാ, തിടുക്കത്തിലും വേഗത്തിലും
അവർ വരുന്നു.
27അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല,
ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല;
ആരുടെയും അരപ്പട്ട#5:27 അതായത്, ബെൽറ്റ് അഴിയുന്നില്ല,
ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല.
28അവരുടെ അമ്പുകൾ മൂർച്ചയുള്ളവ,
എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു;
അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ,
അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും.
29അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ,
സിംഹക്കുട്ടികൾപോലെ അവർ അലറുന്നു;
ഇരപിടിക്കുമ്പോൾ അവ മുരളുകയും
ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു.
30അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ
അവർ ശത്രുവിന്റെനേരേ അലറും.
ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ,
അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും;
സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 5: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.