യെശ. 5
5
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട്
1ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും;
അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും;
എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ
ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു,
അതിൽ നല്ലവക മുന്തിരിവള്ളി നട്ടു,
നടുവിൽ ഒരു ഗോപുരം പണിതു,
ഒരു മുന്തിരിച്ചക്കും ഇട്ടു;
മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു;
കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.
3അതിനാൽ യെരൂശലേം നിവാസികളും
യെഹൂദാപുരുഷന്മാരും ആയുള്ളവരേ,
എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും
മദ്ധ്യേ വിധിക്കുവിൻ.
4ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ
ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്?
മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ
അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?
5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട്
എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം;
ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും;
അത് തിന്നു പോകും;
ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും;
അത് ചവിട്ടി മെതിച്ചുപോകും.
6ഞാൻ അതിനെ ശൂന്യമാക്കും;
അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും;
മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും;
അതിൽ മഴ പെയ്യിക്കരുതെന്നു
ഞാൻ മേഘങ്ങളോടു കല്പിക്കും.
7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം
യിസ്രായേൽ ഗൃഹവും
അവന്‍റെ മനോഹരമായ നടുതല
യെഹൂദാപുരുഷന്മാരും ആകുന്നു;
അവൻ ന്യായത്തിനായി കാത്തിരുന്നു;
എന്നാൽ ഇതാ, അന്യായം!
നീതിക്കായി നോക്കിയിരുന്നു;
എന്നാൽ ഇതാ ഭീതി!
8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം
മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും
വീടോടു വീടു ചേർക്കുകയും
വയലോടു വയൽ കൂട്ടുകയും
ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്:
“വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും
ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
10പത്തേക്കർ#5:10 പത്തേക്കർ ഒരു ജോഡി കാളകള്‍ ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കുന്ന അത്രയും നിലത്തിനാണ് ഏക്കര്‍ എന്നു എബ്രായ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത് മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും#5:10 ഒരു ബത്തും 22 ലിറ്റര്‍
ഒരു ഹോമർ#5:10 ഒരു ഹോമർ 220 ലിറ്റര്‍ വിത്തിൽനിന്ന് ഒരു ഏഫായും#5:10 ഒരു ഏഫായും 22 ലിറ്റര്‍ മാത്രം കിട്ടും.”
11അതികാലത്ത് എഴുന്നേറ്റു
മദ്യം തേടി ഓടുകയും
വീഞ്ഞു കുടിച്ചു മത്തരായി
സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും
തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്;
എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല,
അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല.
13അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു;
അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു;
അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
14അതുകൊണ്ട് പാതാളം തൊണ്ട തുറന്നു,
വിസ്താരമായി വായ് പിളർന്നിരിക്കുന്നു;
അവരുടെ മഹിമയും ആരവവും ഘോഷവും
അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.
15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും
നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.
16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും
പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും.
17അപ്പോൾ കുഞ്ഞാടുകള്‍
പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും#5:17 അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും അപരിചിതര്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും.
18വ്യാജചരടുകൊണ്ട് അകൃത്യത്തെയും
വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും
19“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ;
യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ”
എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
20തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും
ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും
കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും
ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
21തങ്ങൾക്കുതന്നെ ജ്ഞാനികളായും
തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!
22വീഞ്ഞു കുടിക്കുവാൻ വീരന്മാരും
മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും
23സമ്മാനം#5:23 സമ്മാനം കൈക്കൂലി. നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും
നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
24അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും
ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ
അവരുടെ വേര് ജീർണ്ണിച്ചുപോകും;
അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും;
അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു,
യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.
25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും;
അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും;
അപ്പോൾ മലകൾ വിറയ്ക്കുകയും
അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും;
ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ
അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി,
ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും;
അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.
27അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല;
ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല;
അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല,
ചെരിപ്പുവാറു പൊട്ടുകയുമില്ല.
28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു;
അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും
അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.
29അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും;
അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും;
അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും;
ആരും വിടുവിക്കുകയും ഇല്ല.
30ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും;
ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ;
അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും#5:30 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും മേഘങ്ങളാൽ വെളിച്ചം ഇരുണ്ടുപോകും എന്നുമാകാം. .
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.