യെശയ്യാവ് 40:1-8
യെശയ്യാവ് 40:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകല പാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിൻ. കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്. കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
യെശയ്യാവ് 40:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോടു ദയാപൂർവം സംസാരിക്കുവിൻ. അവളുടെ അടിമത്തം അവസാനിച്ചു; അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവളുടെ പാപങ്ങൾക്കിരട്ടി ശിക്ഷ സർവേശ്വരനിൽനിന്നു ലഭിച്ചു കഴിഞ്ഞുവെന്ന് അവളോടു വിളിച്ചു പറയുക. ഇതാ ഒരു ശബ്ദം ഉയരുന്നു: മരുഭൂമിയിൽ സർവേശ്വരനു വഴിയൊരുക്കുവിൻ, വിജനസ്ഥലത്തു നമ്മുടെ ദൈവത്തിനു പെരുവഴി ഒരുക്കുവിൻ. എല്ലാ താഴ്‌വരകളും നികത്തണം, എല്ലാ കുന്നുകളും മലകളും നിരത്തണം, നിരപ്പില്ലാത്ത നിലം സമതലവും ദുർഘടതലങ്ങൾ സുഗമവും ആക്കണം. സർവേശ്വരന്റെ മഹത്ത്വം വെളിവാകും, എല്ലാ മനുഷ്യരും ഒരുമിച്ച് അതു ദർശിക്കും.” ഇതു സർവേശ്വരന്റെ വചനം. “വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാൻ ചോദിച്ചു. സർവമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം. സർവേശ്വരന്റെ നിശ്വാസം ഏല്‌ക്കുമ്പോൾ പുല്ലുണങ്ങുന്നു. പൂ വാടുന്നു. എന്നാൽ നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനില്ക്കും.
യെശയ്യാവ് 40:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറയുവിൻ. കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമതലമായും തീരേണം. യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു; “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; “സകലമനുഷ്യരും പുല്ലുപോലെയും അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ. പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”
യെശയ്യാവ് 40:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ. കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു. കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
യെശയ്യാവ് 40:1-8 സമകാലിക മലയാളവിവർത്തനം (MCV)
“ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. “ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും അവളോടു വിളിച്ചുപറയുക. മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: “മരുഭൂമിയിൽ യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; നമ്മുടെ ദൈവത്തിന് ഒരു രാജവീഥി നിരപ്പാക്കുക. എല്ലാ താഴ്വരകളും ഉയർത്തപ്പെടും എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും; നിരപ്പില്ലാത്തതു നിരപ്പായിത്തീരട്ടെ, കഠിനപ്രതലങ്ങൾ ഒരു സമതലഭൂമിയായും. യഹോവയുടെ തേജസ്സ് വെളിപ്പെടും, എല്ലാ മനുഷ്യരും അത് ഒരുമിച്ചു കാണും. യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.” “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. “എല്ലാ മാനവരും തൃണസമാനരും അവരുടെ അസ്തിത്വം വയലിലെ പൂപോലെയും. യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം. പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”