യെശയ്യാവ് 40:1-8

യെശയ്യാവ് 40:1-8 MCV

“ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. “ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും അവളോടു വിളിച്ചുപറയുക. മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: “മരുഭൂമിയിൽ യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; നമ്മുടെ ദൈവത്തിന് ഒരു രാജവീഥി നിരപ്പാക്കുക. എല്ലാ താഴ്വരകളും ഉയർത്തപ്പെടും എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും; നിരപ്പില്ലാത്തതു നിരപ്പായിത്തീരട്ടെ, കഠിനപ്രതലങ്ങൾ ഒരു സമതലഭൂമിയായും. യഹോവയുടെ തേജസ്സ് വെളിപ്പെടും, എല്ലാ മനുഷ്യരും അത് ഒരുമിച്ചു കാണും. യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.” “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. “എല്ലാ മാനവരും തൃണസമാനരും അവരുടെ അസ്തിത്വം വയലിലെ പൂപോലെയും. യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം. പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”