യെശയ്യാവ് 22:15-24

യെശയ്യാവ് 22:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളൂ? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്കായിട്ട്? ഉയർന്നൊരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ പറിച്ചുകളയും. അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കൈയിൽ ഏല്പിക്കും; അവൻ യെരൂശലേംനിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല. അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും. അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകല മഹത്ത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.

യെശയ്യാവ് 22:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ ചെന്നു കൊട്ടാരം വിചാരിപ്പുകാരനായ ശെബ്നയോടു പറയുക: “നിനക്കിവിടെ എന്തു കാര്യം? ഇവിടെ ആരാണ് നിനക്കുള്ളത്? ഉയർന്ന സ്ഥലത്തു കല്ലറ നിർമിക്കുകയും പാറ തുരന്നു പാർപ്പിടമുണ്ടാക്കുകയും ചെയ്യാൻ നിനക്കെന്തവകാശം? കരുത്തനായ മനുഷ്യാ, സർവേശ്വരൻ നിന്നെ ചുഴറ്റി എറിഞ്ഞുകളയും. വിശാലമായ ദേശത്തേക്ക് പന്തുപോലെ നിന്നെ ചുഴറ്റിയെറിയും. യജമാനന്റെ ഗൃഹത്തിന് അപമാനമായ നീ അവിടെക്കിടന്നു മരിക്കും. നിന്റെ പകിട്ടേറിയ രഥങ്ങൾ അവിടെ കിടക്കും. നിന്റെ പദവിയിൽനിന്നു ഞാൻ നിന്നെ നീക്കും. നിന്റെ സ്ഥാനത്തുനിന്നു നിന്നെ വലിച്ചു താഴെയിടും. അന്നു ഞാൻ ഹില്‌ക്കീയായുടെ പുത്രനും എന്റെ ദാസനുമായ എല്യാക്കീമിനെ വിളിക്കും. നിന്റെ അങ്കിയും അരക്കച്ചയും ഞാനവനെ ധരിപ്പിക്കും, നിന്റെ അധികാരം അവനെ ഏല്പിക്കും. യെരൂശലേംനിവാസികൾക്കും യെഹൂദാഗൃഹത്തിനും അവൻ പിതാവായിരിക്കും. ദാവീദിന്റെ ഗൃഹത്തിന്റെ താക്കോൽ ഞാൻ അവന്റെ ചുമലിൽ വയ്‍ക്കും. അവൻ തുറക്കുന്നത് ആരെങ്കിലും അടയ്‍ക്കുകയോ, അടയ്‍ക്കുന്നതു തുറക്കുകയോ ഇല്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവൻ തന്റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും. തന്റെ പിതൃഭവനത്തിലെ ബന്ധുക്കളും ആശ്രിതരും അവനു ഭാരമായിരിക്കും; കോപ്പകൾമുതൽ ഭരണികൾവരെ കുറ്റിയിൽ തൂക്കിയിടുന്നതുപോലെ അവൻ അവനിൽ തൂങ്ങിനില്‌ക്കും.

യെശയ്യാവ് 22:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്‍റെ യജമാനന്‍റെ ഗൃഹത്തിന്‍റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്‍റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. ഞാൻ നിന്നെ നിന്‍റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്‍റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും. ആ നാളിൽ ഞാൻ ഹില്ക്കീയാവിന്‍റെ മകനായ എന്‍റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്‍റെ മേലങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവന്‍റെ അര കെട്ടും; നിന്‍റെ അധികാരം ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ്ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും. അവർ അവന്‍റെമേൽ അവന്‍റെ പിതൃഭവനത്തിന്‍റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.”

യെശയ്യാവ് 22:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു; നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും. ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും. അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല. ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും. അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.

യെശയ്യാവ് 22:15-24 സമകാലിക മലയാളവിവർത്തനം (MCV)

സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇപ്രകാരം കൽപ്പിക്കുന്നു: “നീ പോയി, കാര്യസ്ഥനും കൊട്ടാരം ഭരണാധിപനുമായ ശെബ്നയോട് ഇപ്രകാരം പറയുക: നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടുന്നതിന് ആരാണ് നിനക്ക് അനുമതി നൽകിയത്? ഉയർന്നസ്ഥാനത്ത് നീ കല്ലറ വെട്ടുന്നു; പാറയിൽ ഒരു പാർപ്പിടം നിർമിക്കുന്നു. “കരുതിയിരിക്കുക, യഹോവ നിന്നെ താഴോട്ട് ചുഴറ്റി എറിഞ്ഞുകളയും, അവിടന്നു നിന്നെ ബലമായി പിടിക്കാൻ പോകുന്നു. യഹോവ നിന്നെ ഒരു പന്തുപോലെ ചുരുട്ടിയെടുത്ത് വളരെ വിശാലമായൊരു രാജ്യത്തേക്ക് ഉരുട്ടിക്കളയും, അവിടെ നീ മരിക്കും. നീ അഭിമാനംകൊണ്ടിരുന്ന നിന്റെ രഥങ്ങൾ നിന്റെ യജമാനന്റെ ഗൃഹത്തിന് ഒരു ലജ്ജയായി മാറും. നിന്റെ ഉദ്യോഗത്തിൽനിന്ന് ഞാൻ നിന്നെ സ്ഥാനഭ്രഷ്ടനാക്കും നിന്റെ സ്ഥാനത്തുനിന്ന് നീ നീക്കപ്പെടും. “ആ ദിവസത്തിൽ എന്റെ ദാസനായ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമിനെ ഞാൻ വിളിച്ചുവരുത്തും. അദ്ദേഹത്തെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ അരക്കച്ചകൊണ്ട് അദ്ദേഹത്തിന്റെ അര കെട്ടും. നിന്റെ അധികാരം ഞാൻ അദ്ദേഹത്തിനു നൽകും. ജെറുശലേംനിവാസികൾക്കും യെഹൂദാജനത്തിനും അദ്ദേഹം ഒരു പിതാവായിത്തീരും. ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ തോളിൽ വെക്കും; അദ്ദേഹം തുറക്കുന്നത് അടയ്ക്കാൻ ആർക്കും കഴിയുകയില്ല, അദ്ദേഹം അടയ്ക്കുന്നത് തുറക്കാൻ ആർക്കും കഴിയുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അദ്ദേഹത്തെ തറയ്ക്കും; തന്റെ പിതൃഭവനത്തിന് അദ്ദേഹം മഹത്ത്വമുള്ള ഒരു സിംഹാസനം ആയിത്തീരും. അദ്ദേഹത്തിന്റെ പിതൃഭവനത്തിന്റെ എല്ലാ മഹത്ത്വവും അവർ അദ്ദേഹത്തിന്റെമേൽ തൂക്കിയിടും; സന്തതിയെയും പിൻഗാമികളെയും—കിണ്ണംമുതൽ ഭരണിവരെയുള്ള സകലചെറുപാത്രങ്ങളെയും തന്നെ.”