യെശ. 22:15-24

യെശ. 22:15-24 IRVMAL

സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്; നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്‍റെ യജമാനന്‍റെ ഗൃഹത്തിന്‍റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്‍റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും. ഞാൻ നിന്നെ നിന്‍റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്‍റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും. ആ നാളിൽ ഞാൻ ഹില്ക്കീയാവിന്‍റെ മകനായ എന്‍റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്‍റെ മേലങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവന്‍റെ അര കെട്ടും; നിന്‍റെ അധികാരം ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ്ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും. അവർ അവന്‍റെമേൽ അവന്‍റെ പിതൃഭവനത്തിന്‍റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.”