ISAIA 22:15-24

ISAIA 22:15-24 MALCLBSI

സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ ചെന്നു കൊട്ടാരം വിചാരിപ്പുകാരനായ ശെബ്നയോടു പറയുക: “നിനക്കിവിടെ എന്തു കാര്യം? ഇവിടെ ആരാണ് നിനക്കുള്ളത്? ഉയർന്ന സ്ഥലത്തു കല്ലറ നിർമിക്കുകയും പാറ തുരന്നു പാർപ്പിടമുണ്ടാക്കുകയും ചെയ്യാൻ നിനക്കെന്തവകാശം? കരുത്തനായ മനുഷ്യാ, സർവേശ്വരൻ നിന്നെ ചുഴറ്റി എറിഞ്ഞുകളയും. വിശാലമായ ദേശത്തേക്ക് പന്തുപോലെ നിന്നെ ചുഴറ്റിയെറിയും. യജമാനന്റെ ഗൃഹത്തിന് അപമാനമായ നീ അവിടെക്കിടന്നു മരിക്കും. നിന്റെ പകിട്ടേറിയ രഥങ്ങൾ അവിടെ കിടക്കും. നിന്റെ പദവിയിൽനിന്നു ഞാൻ നിന്നെ നീക്കും. നിന്റെ സ്ഥാനത്തുനിന്നു നിന്നെ വലിച്ചു താഴെയിടും. അന്നു ഞാൻ ഹില്‌ക്കീയായുടെ പുത്രനും എന്റെ ദാസനുമായ എല്യാക്കീമിനെ വിളിക്കും. നിന്റെ അങ്കിയും അരക്കച്ചയും ഞാനവനെ ധരിപ്പിക്കും, നിന്റെ അധികാരം അവനെ ഏല്പിക്കും. യെരൂശലേംനിവാസികൾക്കും യെഹൂദാഗൃഹത്തിനും അവൻ പിതാവായിരിക്കും. ദാവീദിന്റെ ഗൃഹത്തിന്റെ താക്കോൽ ഞാൻ അവന്റെ ചുമലിൽ വയ്‍ക്കും. അവൻ തുറക്കുന്നത് ആരെങ്കിലും അടയ്‍ക്കുകയോ, അടയ്‍ക്കുന്നതു തുറക്കുകയോ ഇല്ല. ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവൻ തന്റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും. തന്റെ പിതൃഭവനത്തിലെ ബന്ധുക്കളും ആശ്രിതരും അവനു ഭാരമായിരിക്കും; കോപ്പകൾമുതൽ ഭരണികൾവരെ കുറ്റിയിൽ തൂക്കിയിടുന്നതുപോലെ അവൻ അവനിൽ തൂങ്ങിനില്‌ക്കും.

ISAIA 22 വായിക്കുക