എബ്രായർ 12:3-17

എബ്രായർ 12:3-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊൾവിൻ. പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല. “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുത്; അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്. കർത്താവ് താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളൂ? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൗലടേയന്മാരത്രേ. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? അവർ ശിക്ഷിച്ചത് കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്. ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും. ആകയാൽ തളർന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിനു നിങ്ങളുടെ കാലിനു പാത നിരത്തുവിൻ. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ആരും ദൈവകൃപ വിട്ടു പിന്മാറുകയും വല്ല കയ്പുള്ള വേരും മുളച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എബ്രായർ 12:3-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ ദുർബലഹൃദയരായി തളർന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിർപ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓർത്തുകൊള്ളുക. പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങൾ എതിർത്തുനിന്നിട്ടില്ലല്ലോ. മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുൾചെയ്തിട്ടുള്ള പ്രബോധനം നിങ്ങൾ മറന്നുപോയോ? എന്റെ മകനേ, സർവേശ്വരന്റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്; അവിടുന്ന് നിന്നെ ശാസിക്കുമ്പോൾ അധൈര്യപ്പെടുകയുമരുത്. താൻ സ്നേഹിക്കുന്നവരെ അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു. താൻ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു. നിങ്ങൾ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, ജാരസന്തതികളത്രേ. നമ്മെ ശിക്ഷണത്തിൽ വളർത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിന് അതിനെക്കാൾ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്. ലൗകികപിതാക്കന്മാർ അല്പകാലത്തേക്കു മാത്രം അവർക്കു യുക്തമെന്നു തോന്നിയ വിധത്തിൽ ശിക്ഷണം നടത്തുന്നു. എന്നാൽ തന്റെ വിശുദ്ധിയിൽ പങ്കാളികളാകുവാൻവേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു. ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാൽ ശിക്ഷണത്തിനു വിധേയരാകുന്നവർക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തിൽ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തിൽ ലഭിക്കും. തളർന്ന കരങ്ങൾ ഉയർത്തുക; വിറയ്‍ക്കുന്ന കാല്മുട്ടുകളെ ബലപ്പെടുത്തുക. മുടന്തുള്ള പാദത്തിന്റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക. എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സർവേശ്വരനെ ദർശിക്കുകയില്ല. ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കുന്നതിനു സൂക്ഷിച്ചുകൊള്ളുക; നിങ്ങളുടെ ഇടയിൽ വിദ്വേഷം വേരൂന്നി വളരാനിടയാകരുത്. അത് പലരെയും നശിപ്പിക്കും. നിങ്ങളിൽ ആരുംതന്നെ ദുർമാർഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങൾ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്. ഏശാവ് അതുകഴിഞ്ഞ് സ്വപിതാവിൽനിന്ന് തന്റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാൻ ആഗ്രഹിച്ചു; എന്നാൽ അയാൾ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാൻ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ.

എബ്രായർ 12:3-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ. പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ. മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്‍റെ മകനേ, കർത്താവിന്‍റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്. കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ, ശിക്ഷണത്തിൻ്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നു. ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും. ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ. നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ. എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ, ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്‍റെ പിതാവിന്‍റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എബ്രായർ 12:3-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല. “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു. ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും. ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എബ്രായർ 12:3-17 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക. പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല. “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്. കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ? ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും. അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക. അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.” സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക. ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.