എബ്രാ. 12:3-17

എബ്രാ. 12:3-17 IRVMAL

നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ. പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ. മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്‍റെ മകനേ, കർത്താവിന്‍റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്. കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ, ശിക്ഷണത്തിൻ്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നു. ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും. ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ. നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ. എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ, ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്‍റെ പിതാവിന്‍റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എബ്രാ. 12:3-17 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും